കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസില്‍ പുതിയ വഴിത്തിരിവ്. ഹൈക്കോടതിയുടെ അനുമതിയോടെ പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും ഭാര്യ എറണാകുളം നൊച്ചിത്തറ സ്വദേശിയായ യുവതിയും ഒരുമിച്ചു ജീവിക്കുകയായിരുന്നു. രാഹുല്‍, ഭാര്യയെ വീണ്ടും മര്‍ദ്ദിച്ചെന്നാണ് പരാതി. നിലവില്‍ യുവതിയുടെ പരാതിയില്‍ രാഹുലിനെതിരെ വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. രാഹുലിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
മീന്‍കറിക്ക് പുളി ഇല്ലെന്നു പറഞ്ഞാണ് രാഹുല്‍ മര്‍ദിച്ചതെന്ന് യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. ഞായറാഴ്ചയാണ് ആദ്യം മര്‍ദിച്ചത്. തിങ്കളാഴ്ച വീണ്ടും മര്‍ദിച്ചു. മര്‍ദ്ദനത്തില്‍ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. അതോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചശേഷം രാഹുല്‍ മുങ്ങി.
ആദ്യം പരാതി നല്‍കാന്‍ യുവതി തയാറായില്ല. പറവൂരില്‍ നിന്നു മാതാപിതാക്കള്‍ എത്തി പൊലീസുമായി സംസാരിച്ച ശേഷമാണ് യുവതി പരാതി നല്‍കിയത്. പരാതിയില്‍ രാഹുലിനെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്തു.
ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുമായാണ് യുവതി ആശുപത്രിയില്‍ എത്തിയത്. ആശുപത്രി അധികൃതരാണ് പൊലീസില്‍ വിവരം അറിയിച്ചത്. പന്തീരാങ്കാവ് ഇന്‍സ്‌പെക്ടറും വനിത എഎസ്‌ഐയും ആശുപത്രിയില്‍ എത്തി യുവതിയുടെ മൊഴി രേഖപ്പെടുത്തി. പരാതി ഇല്ലെന്നാണ് പറഞ്ഞത്. പിന്നീട് യുവതിയുടെ മാതാപിതാക്കള്‍ എത്തിയതോടെയാണ് പരാതി നല്‍കിയത്.
രാഹുല്‍ ക്രൂരനാണെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. ശവത്തില്‍ കുത്തുന്നതു പോലെയാണ് പെരുമാറ്റം. മകളെ ഭീഷണിപ്പെടുത്തിയാണ് രാഹുല്‍ കൊണ്ടുപോയത്. തേനേ പാലേ മോളെ എന്നൊക്കെ പറഞ്ഞ് മകളെ വശത്താക്കി കസ്റ്റഡിയിലാക്കി.
മകള്‍ യുട്യൂബ് ചാനലില്‍ വന്നു പറഞ്ഞതെല്ലാം എഴുതി കൊടുത്തതാണ്. പരാതിയില്‍ ഉറച്ചുനില്‍ക്കുന്നു. രാഹുല്‍ രക്ഷപ്പെടാന്‍ പാടില്ല, ശിക്ഷിക്കപ്പെടണമെന്നും പിതാവ് പറഞ്ഞു.
നേരത്തേ രാഹുല്‍ മര്‍ദിച്ചതുമായി ബന്ധപ്പെട്ടു യുവതിയുടെ പരാതിയില്‍ രാഹുല്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. കേസെടുക്കുന്നതില്‍ പൊലീസ് വീഴ്ച വരുത്തിയെന്ന ആരോപണവും ഉയര്‍ന്നിരുന്നു.
ഇതിനു പിന്നാലെ ജര്‍മനിയില്‍ ജോലി ഉണ്ടായിരുന്ന രാഹുല്‍ വിദേശത്തേക്കു കടന്നു. സിംഗപ്പുര്‍ വഴിയാണ് ജര്‍മനിയിലേക്കു പോയത്. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ, മാതാപിതാക്കളുടെ നിര്‍ബന്ധം മൂലമാണ് രാഹുലിനെതിരെ പരാതി നല്‍കിയതെന്നും പരാതി വ്യാജമാണെന്നും അറിയിച്ച് യുവതി രംഗത്തെത്തി.
തുടര്‍ന്ന് ഹൈക്കോടതിയില്‍ വിഷയം എത്തിയപ്പോള്‍ ഒരുമിച്ചുപോകാന്‍ ആഗ്രഹിക്കുന്നുവെന്ന് ഇരുവരും അറിയിച്ചു. ഇതേത്തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി ഇരുവരെയും ഒരുമിച്ചു ജീവിക്കാന്‍ അനുവദിക്കുകയുമായിരുന്നു.
അതിനിടെ, ഹൈക്കോടതി റദ്ദാക്കിയ കേസ് പുനരന്വേഷണം നടത്താനുള്ള സാധ്യത തേടി പൊലീസ്. മേല്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്നും നിയമവശം പരിശോധിച്ചു വരികയാണെന്നും പന്തീരാങ്കാവ് ഇന്‍സ്‌പെക്ടര്‍ പി.ബിജുകുമാര്‍ പറഞ്ഞു. ഭീഷണിയെത്തുടര്‍ന്നാണ് കേസ് ഒത്തുതീര്‍പ്പിനു തയാറായതെന്നു പെണ്‍കുട്ടിയും കുടുംബവും വെളിപ്പെടുത്തിയ സാഹചര്യത്തില്‍ പഴയ കേസുകള്‍ വീണ്ടും ചുമത്താനാകുമെന്നാണ് പൊലീസ് കരുതുന്നത്.