/kalakaumudi/media/media_files/SFb0LlCnQRjl4YOVeq4Y.jpeg)
തിരുവനന്തപുരം: കെട്ടിടമുള്ള പ്ലോട്ടിൽ തന്നെ ആവശ്യമായ പാർക്കിങ് സംവിധാനം ഒരുക്കണമെന്ന കെട്ടിട നിർമാണച്ചട്ടത്തിലെ വ്യവസ്ഥയിൽ ഇളവ് വരുത്താനൊരുങ്ങി തദ്ദേശവകുപ്പ്. കെട്ടിടം ഉടമയുടെ പേരിലുള്ള സമീപ പ്ലോട്ടിൽ കൂടി പാർക്കിങ് അനുവദിക്കുന്നതിനാണു പുതിയ തീരുമാനം. 25 ശതമാനമെങ്കിലും പാർക്കിങ് കെട്ടിടമുള്ള പ്ലോട്ടിലും ബാക്കി 75% വരെ സമീപ പ്ലോട്ടിലും ആകാം. ഷോപ്പിങ് കോംപ്ലക്സ്,ഫ്ലാറ്റുകൾ മുതൽ ചെറിയ സ്ഥാപനങ്ങൾക്കു വരെ ഇതു ബാധകമാകുമെന്നും ഇത് സംബന്ധിച്ച ഉത്തരവ് ഉടൻ ഇറങ്ങുമെന്നും മന്ത്രി എം.ബി. രാജേഷ് പറഞ്ഞു.
പാർക്കിങ് അനുവദിക്കുന്ന സമീപത്തെ ഭൂമി കെട്ടിട ഉടമയുടെ പേരിലുള്ളതായിരിക്കണം, കെട്ടിടമുള്ള പ്ലോട്ടിന്റെ 200 മീറ്ററിനുള്ളിലാകണം, വാഹനങ്ങൾക്ക് പോകാനും വരാനും സൗകര്യമുണ്ടായിരിക്കണം, പാർക്കിങ്ങിന് ഉപയോഗിക്കുന്ന ഭൂമി മറ്റ് നിർമാണ പ്രവർത്തനത്തിന് ഉപയോഗിക്കില്ല, മറ്റാർക്കും കൈമാറില്ല എന്ന് ഉടമയും തദ്ദേശസ്ഥാപന സെക്രട്ടറിയും കരാറിൽ ഏർപ്പെടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ഇളവ് നടപ്പാക്കുന്നത്. സ്‌കൂൾ, കോളജ് ഹോസ്റ്റൽ കെട്ടിടങ്ങൾക്ക് ഫ്ലോർ ഏരിയ അനുസരിച്ചുള്ള കാർ പാർക്കിങ് സൗകര്യം ആവശ്യമാണ് എന്നതിലെ നിബന്ധനകളിലും മാറ്റം കൊണ്ട് വരും.
വിൽപന, ദാനം, റോഡിന് വിട്ടു നൽകൽ, ഭൂമി അധികമായി ആർജിക്കൽ തുടങ്ങിയതു പോലെ ഏതെങ്കിലും കാരണത്താൽ പ്ലോട്ടിന്റെ അളവിൽ വ്യത്യാസം വന്നാൽ അനുവദിച്ച പെർമിറ്റ് റദ്ദാകുന്നതാണു നിലവിലെ രീതി. ഇങ്ങനെയുള്ള സാഹചര്യങ്ങളിലും കെട്ടിട ചട്ടലംഘനം ഇല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കാതിരിക്കാൻ ഭേദഗതി കൊണ്ടുവരും.
വീടുകളോടു ചേർന്നു പ്രവർത്തിക്കുന്ന ചെറുകിട വ്യവസായ-ഉൽപാദക-വാണിജ്യ സ്ഥാപനങ്ങൾക്ക് ലൈസൻസ് ലഭിക്കുന്നതിനുൾപ്പെടെ വ്യാപാര-വാണിജ്യ-വ്യവസായ-സേവന ലൈസൻസ് ചട്ടങ്ങൾ ഭേദഗതി ചെയ്യും. തദ്ദേശ സ്ഥാപനങ്ങളിലെ ഫീസ് കണക്കാക്കുന്നതിനുള്ള സ്ലാബുകൾ പരിഷ്‌കരിക്കും. നഗരസഭകളിൽ നിന്നു വ്യാപാര ലൈസൻസ് എടുക്കാൻ വൈകിയാൽ പിഴയിൽ കുറവു വരുത്തും. ഉൽപാദിപ്പിക്കപ്പെടുന്ന മാലിന്യത്തിന്റെ അളവിന് അനുസരിച്ചു മാത്രം വ്യാപാര സ്ഥാപനങ്ങൾക്ക് യൂസർ ഫീസ് നിശ്ചയിച്ച് നൽകും.