പുല്‍പള്ളിയിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ പിടികൂടാനുള്ള ശ്രമം ഒമ്പതാം ദിവസവും തുടരുന്നു. തൂപ്ര കേന്ദ്രീകരിച്ചാണ് ഇപ്പോള്‍ നിരീക്ഷണം നടത്തുന്നത്. കഴിഞ്ഞ ദിവസം കടുവ കടിച്ചുകൊന്ന ആടിനെത്തന്നെയാണ് പുതിയ കൂട്ടില്‍ ഇരയാക്കിയിട്ടുള്ളത്. ആടിനെ ആക്രമിച്ചെങ്കിലും ഭക്ഷിക്കാന്‍ കടുവയ്ക്കു സാധിച്ചിരുന്നില്ല. ഇതിനായി കടുവ രാത്രി എത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ് തയ്യാറെടുപ്പുകള്‍ നടത്തുന്നത്. നിലവില്‍ പുല്‍പള്ളി പഞ്ചായത്തിലെ എട്ട്, ഒമ്പത്, പതിനൊന്ന് വാര്‍ഡുകളില്‍ ജില്ലാ കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
പുല്‍പ്പള്ളി പഞ്ചായത്തില്‍ ബുധനാഴ്ച രാവിലെയോടെ കടുവയെ കണ്ടുവെന്ന് പ്രദേശവാസിയായ പീറ്റര്‍ എന്നയാള്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് രാവിലെ സ്‌കൂളിലേക്കെത്തിയ വിദ്യാര്‍ത്ഥികളെ മാനേജ്‌മെന്റും അധ്യാപകരും ചേര്‍ന്ന് വീടുകളിലേക്ക് തിരിച്ചയച്ചിരുന്നു. പ്രദേശത്ത് ഡ്രോണ്‍ ഉപയോഗിച്ചുള്‍പ്പടെയുള്ള തിരച്ചില്‍ തുടരുകയാണ്. കാട്ടില്‍ വേട്ടയാടി ഭക്ഷണം കണ്ടെത്താനാകാത്തത് കൊണ്ടാണ് അവശനായ കടുവ ജനവാസ മേഖലയിലേക്കിറങ്ങി വളര്‍ത്തുമൃഗങ്ങളെ അക്രമിക്കുന്നതെന്ന് വനം വകുപ്പ് വിശദീകരണം നല്‍കിയിരുന്നു.
ചൊവ്വാഴ്ച രാത്രി പതിനൊന്നരയോടെ തൂപ്രയില്‍ ചന്ദ്രന്‍ എന്നയാളുടെ മുട്ടനാടിനെ ആക്രമിച്ചിരുന്നു. അമരക്കുനിയില്‍നിന്ന് ദേവര്‍ഗദ്ദ, തൂപ്ര പ്രദേശങ്ങള്‍ കടന്ന് ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണ് കടുവ ഊട്ടിക്കവലയില്‍ എത്തിയത്. പുലര്‍ച്ചെ രണ്ടുമണിയോടെ പ്രദേശവാസിയായ പായിക്കണ്ടത്തില്‍ ബിജുവിന്റെ വീട്ടുമുറ്റത്തെ കൂട്ടില്‍നിന്ന് കടുവ ആടിനെ കൊന്നിരുന്നു. വിവരമറിഞ്ഞ ഉടന്‍തന്നെ വനപാലകര്‍ സ്ഥലത്തെത്തി, ബിജുവിന്റെ വീടിനോടുചേര്‍ന്ന് നാലാമത്തെ കൂടും സ്ഥാപിച്ചു.
പുലര്‍ച്ചെ പ്രദേശത്ത് തെര്‍മല്‍ സ്‌കാന്‍ ക്യാമറയുള്ള ഡ്രോണ്‍ പറത്തി നടത്തിയ നിരീക്ഷണത്തില്‍ കടുവയെ കണ്ടെത്തി. എന്നാല്‍, അപ്പോഴേയ്ക്കും കടുവ നിരീക്ഷണ വലയത്തില്‍നിന്ന് വിട്ടുപോയിരുന്നു. പകല്‍ ആര്‍.ആര്‍.ടി.യിലെ ജീവനക്കാരും വനപാലകരും വിവിധ സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. അതേസമയം, എട്ടുദിവസമായിട്ടും കടുവയെ പിടികൂടാനാവാത്തതില്‍ വനംവകുപ്പിനെതിരേ നാട്ടുകാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നുണ്ട്.