/kalakaumudi/media/media_files/UAKb1ZjogKLitDo6PraP.jpg)
മംഗളൂരു: യാത്രക്കാർക്ക് ഏറെ പ്രയോജനം ലഭിക്കുന്ന കാണിയൂർ - കാഞ്ഞങ്ങാട് റെയിൽപ്പാത വീണ്ടും ചർച്ചയിൽ. റെയിൽപ്പാതയുടെ സാധ്യതകൾ സംബന്ധിച്ച് പഠനം നടത്തുമെന്ന് ദക്ഷിണ കന്നഡ പാർലമെൻ്റ് അംഗം ക്യാപ്റ്റൻ ബ്രിജേഷ് ചൗട്ട വ്യക്തമാക്കിയതോടെയാണ് വീണ്ടും ചർച്ചയാരംഭിച്ചത്.
റെയിൽപ്പാത നിർമാണവുമായി ബന്ധപ്പെട്ട സാധ്യതകൾ പഠിക്കുമെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി വിഷയം ചർച്ച ചെയ്യുമെന്നും എംപി ബ്രിജേഷ് ചൗട്ട പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട സർവേ പൂർത്തിയായി 1500 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടും നിലച്ച പാതയുടെ കാര്യം പുനഃപരിശോധിക്കുമെന്നും എംപി പറഞ്ഞു. 90 കിലോമീറ്ററാണ് പാതയുടെ ദൂരം.
കാഞ്ഞങ്ങാട്ട് നിന്നും പാണത്തൂരിലേക്ക് 41 കിലോമീറ്ററും അവിടെ നിന്ന് കർണാടക അതിർത്തി കടന്ന് കാണിയൂർവരെ 49 കിലോമീറ്റർ ദൂരവുമുണ്ട്. കാഞ്ഞങ്ങാട്, പാണത്തൂർ, സുള്ള്യ, ഹാസൻ, ശ്രാവണബെൽഗോള വഴി പോയാൽ അറുമണിക്കൂർ കൊണ്ട് ബെംഗളൂരുവിൽ എത്തിച്ചേരാം.
2008 - 2009 വർഷത്തെ റെയിൽവേ ബജറ്റിൽ ഈ പദ്ധതിയുടെ പ്രാരംഭനടപടികൾ അംഗീകരിച്ചു. 2008 നവംബറിൽ പാണത്തൂർ വരെയുള്ള ആദ്യ സർവേ പൂർത്തിയാക്കുകയും 2010 - 2011 വർഷങ്ങളിൽ രണ്ടാംഘട്ട സർവേയും നടത്തിയിരുന്നു. 1500 കോടി രൂപ പ്രതീക്ഷിക്കുന്ന പദ്ധതിക്ക് പകുതി തുക നൽകാമെന്ന നിലപാടിലാണ് കേന്ദ്ര സർക്കാർ. ബാക്കി തുക കേരളവും കർണാടകയും വഹിക്കണമെന്നായിരുന്നു നിർദേശം. കേരളം അനുകൂല നിലപാട് സ്വീകരിച്ചെങ്കിലും കർണാടക എതിർക്കുകയായിരുന്നു.
രണ്ട് സംസ്ഥാനങ്ങളും അനുകൂല നിലപാട് സ്വീകരിച്ചാൽ പദ്ധതി പുനഃപരിശോധിക്കുമെന്ന് റെയിൽവേ അറിയിച്ചിരുന്നു. പദ്ധതിക്ക് പണം നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് അറിയിച്ചെങ്കിലും അന്നത്തെ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എതിർപ്പ് അറിയിക്കുകയായിരുന്നു. തലശേരി - മൈസൂർ റെയിൽവേ ലൈൻ പദ്ധതിക്കും കർണാടക എതിർപ്പറിയിച്ചിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
