തൃശൂർ ലോ കോളേജിൽ എസ് എഫ് ഐ ,കെ എസ് യു സംഘർഷം.അഞ്ചു പേർ ആശുപത്രിയിൽ

തൃശൂർ സർക്കാർ ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

author-image
Vineeth Sudhakar
New Update
a7aae40c-b7b6-4e68-969d-c682650c41a0

തൃശൂർ: തൃശൂർ സർക്കാർ ലോ കോളേജിൽ എസ്എഫ്ഐ പ്രവർത്തകർക്ക് നേരെ കെഎസ്‌യു ആക്രമണം. തലക്ക് ഗുരുതരമായി പരിക്കേറ്റ അഞ്ച് എസ്എഫ്ഐ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോളേജിലെ നാഷണൽ മൂട്ട് കോമ്പറ്റീഷനായുള്ള ഒരുക്കങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റിയുടെ ആരോപണം.

കോളേജ് യൂണിയൻ അംഗവും എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയുമായ ദേവപ്രസാദ്, എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് റുവൈസ്, എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗങ്ങളായ ഭരത്, മിഥുൻ, വിഷ്ണു എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്. എല്ലാവരും തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലാണെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അറിയിച്ചു. ഇരുമ്പ് വടി, കോൺക്രീറ്റ് കട്ട, ഇടിവള തുടങ്ങിയ മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് എസ്എഫ്ഐ ആരോപിക്കുന്നു.

കെഎസ്‌യു യൂണിറ്റ് പ്രസിഡൻറ് ബോബൻ, കെഎസ്‌യു ജനറൽ സെക്രട്ടറി അദ്വൈത്, കോളേജ് യൂണിയൻ ചെയർമാൻ പാർഥിവ്, കെഎസ്‌യു പ്രവർത്തകൻ ദീപക് എന്നിവരുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നതെന്നും എസ്എഫ്ഐ പ്രസ്താവനയിൽ പറയുന്നു. അഖിലേന്ത്യ മൂട്ട് കോമ്പറ്റീഷനായുള്ള കോളേജിലെ ഒരുക്കങ്ങൾ മികച്ച രീതിയിൽ പുരോഗമിക്കുന്നതിലുള്ള വിരോധമാണ് ആക്രമണത്തിന് കാരണമെന്നാണ് എസ്എഫ്ഐയുടെ വിലയിരുത്തൽ.

കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിൽ മൂട്ട് ക്ലബ് സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്ഐ സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചിരുന്നു. ഇതിനെ തുടർന്ന് ദേശീയ മൂട്ട് കോമ്പറ്റീഷൻ തയ്യാറെടുപ്പുകൾ അലങ്കോലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കെഎസ്‌യു സംഘം മുൻകൂട്ടി ആസൂത്രണം ചെയ്ത് ആക്രമണം നടത്തുകയായിരുന്നുവെന്നും എസ്എഫ്ഐ ആരോപിച്ചു. കോളേജിന്റെ സമാധാനപരമായ അന്തരീക്ഷം തകർക്കാനുള്ള ഇത്തരം നീക്കങ്ങളെ വിദ്യാർത്ഥികൾ തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്തണമെന്ന് എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു.എന്നാൽ എസ് എഫ് ഐ തങ്ങളെ മർദ്ധിക്കക്കുകയും അശ്ലീലം പറയുകയും ആണെന്നാണ് കെ എസ് യു പറയുന്നത്.