/kalakaumudi/media/media_files/2025/09/01/nia-2025-09-01-07-40-08.jpg)
കൊച്ചി: പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വത്ത് കണ്ടുകെട്ടിയതില്‍ എന്‍.ഐ.എക്ക് വീണ്ടും തിരിച്ചടി. ആറ് സ്വത്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിയ നടപടി എന്‍.ഐ.എ കോടതി റദ്ദാക്കി. കൊച്ചി പ്രത്യേക എന്‍.ഐ.എ കോടതിയുടേതാണ് നടപടി.
2022ല്‍ പാലക്കാട് ശ്രീനിവാസന്‍ വധക്കേസിന് പിന്നാലെ കണ്ടുകെട്ടിയ സ്വത്തുവകകളാണ് നടപടിയില്‍ നിന്ന് ഒഴിവാക്കിയത്. ഇതില്‍ തിരുവനന്തപുരം ട്രസ്റ്റ്, പൂവന്‍ചിറ ഹരിതം ഫൗണ്ടേഷന്‍, പാലക്കാട്ടെ വള്ളുവനാട് ട്രസ്റ്റ്, ആലുവയിലെ പെരിയാര്‍ വാലി ചാരിറ്റബിള്‍ ട്രസ്റ്റ്, എസ്.ഡി.പി.ഐ ദല്‍ഹി ഓഫീസ്, കാസര്‍ഗോട്ടെ ചന്ദ്രഗിരി ചാരിറ്റബിള്‍ ട്രസ്റ്റ് എന്നിവ ഉള്‍പ്പെടുന്നു.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്തുക്കള്‍ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ചാണ് എന്‍.എല്‍.എ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. എന്നാല്‍ കണ്ടുകെട്ടിയ സ്വത്തുക്കള്‍ സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലാണെന്ന വാദം അംഗീകരിച്ച കോടതി നടപടി റദ്ദാക്കുകയായിരുന്നു.
ഉടമസ്ഥര്‍ക്ക് പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ എന്‍.ഐ.എയ്ക്ക് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അതേസമയം ഓഗസ്റ്റ് 19ന് പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍ നാല് പ്രതികള്‍ക്ക് കൂടി ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജൂലൈയില്‍, പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ കണ്ടുകെട്ടിയ 10 സ്വത്തുക്കള്‍ക്ക് മേലുള്ള നടപടി കൊച്ചി എന്‍.ഐ.എ കോടതി റദ്ദാക്കിയിരുന്നു. ട്രസ്റ്റി ഭാരവാഹികളും സ്വത്തുടമകളും നല്‍കിയ അപ്പീലുകള്‍ പരിഗണിച്ചായിരുന്നു എന്‍.ഐ.എ കോടതി നടപടി റദ്ദാക്കിയത്.
പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്തുക്കള്‍ ഉപയോഗിക്കുന്നുണ്ടെന്ന എന്‍.ഐ.എയുടെ വാദത്തെ തുടര്‍ന്നായിരുന്നു കണ്ടുകെട്ടല്‍ നടന്നത്.
മലപ്പുറത്തെ ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലുള്ള 10.27 ഹെക്ടര്‍ ഭൂമിയും ഒരു കെട്ടിടവും, ആലപ്പുഴയിലെ ആലപ്പി സോഷ്യല്‍ കള്‍ച്ചറല്‍ എഡ്യൂക്കേഷന്‍ ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള സ്വത്ത്, മണ്ണഞ്ചേരിയിലെ ഷാഹുല്‍ ഹമീദ് എന്നയാളുടെ പേരിലുള്ള സ്വത്ത്, കരുനാഗപ്പള്ളിയിലെ കാരുണ്യ ഫൗണ്ടേഷന്‍, പന്തളം എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ചാവക്കാട്ടെ മൂന്ന് വ്യക്തികളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍, മാനന്തവാടിയിലെ ഇസ്ലാമിക് സെന്റര്‍ ട്രസ്റ്റിന്റെ കീഴിലുള്ള ഭൂമി, ആലുവയിലെ അബ്ദുല്‍ സത്താര്‍ ഹാജി മൂസാ സേട്ട് പള്ളിയുടെ പരിസരത്തുള്ള ഓഫീസ്, പട്ടാമ്പിയിലെ ഒരു ഷോപ്പിങ് കോംപ്ലക്‌സ്, കോഴിക്കോട് മീഞ്ചന്തയിലെ കെട്ടിടം എന്നിവയാണ് കണ്ടുകെട്ടലില്‍ നിന്ന് ഒഴിവാക്കപ്പെട്ടത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അതോറിറ്റിയാണ് ഈ സ്വത്തുക്കളെല്ലാം കണ്ടുകെട്ടിയത്. 2022 മുതലാണ് ഇതുമായി ബന്ധപ്പെട്ട നടപടികള്‍ ആരംഭിച്ചത്.