/kalakaumudi/media/media_files/2025/07/15/nimisha-priya-case-update-2025-07-15-11-02-40.jpg)
ഡല്‍ഹി : നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാനുള്ള ചര്‍ച്ചകള്‍ ഇന്നും നടക്കും.കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി വീണ്ടും ചര്‍ച്ച ഇന്ത്യന്‍ സമയം 12 മണിക്ക് നടത്തും. തലാലിന്റെ അടുത്ത ബന്ധുവും ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസും യമന്‍ ശൂറാ കൗണ്‍സില്‍ അംഗവുമായ വ്യക്തി ഇന്ന് ചര്‍ച്ചയില്‍ പങ്കെടുക്കും. നാളെ നടത്താന്‍ നിശ്ചയിച്ച ശിക്ഷാ നടപടി നീട്ടി വെക്കാന്‍ അറ്റോണി ജനറലുമായി കൂടിക്കാഴ്ച നടത്തും. കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍ വഴിയാണ് ചര്‍ച്ച നടക്കുന്നത്.
കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരുടെ ഇടപെടലിനെ തുടര്‍ന്നുണ്ടായ ചര്‍ച്ചകള്‍ അനുകൂലമായി നീങ്ങുകയാണെന്ന് കാന്തപുരത്തിന്റെ ഓഫീസ് അറിയിച്ചു. ഇന്ന് രാവിലെ യമന്‍ സമയം പത്ത് മണിക്ക് കുടുംബവുമായുള്ള യോഗം പുനരാരംഭിക്കും.
കുടുംബങ്ങള്‍ക്ക് പുറമെ ഗോത്രങ്ങള്‍ക്കിടയിലും ദമാര്‍ പ്രദേശ വാസികള്‍ക്കിടയിലും വളരെ വൈകാരിക പ്രശ്‌നമായ ഒരു കൊലപാതകം കൂടിയാണ് തലാലിന്റേത്. അത് കൊണ്ടാണ് ഇത്രയും കാലം ആര്‍ക്കും തന്നെ കുടുംബവുമായി ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. കാന്തപുരത്തിന്റെ ഇടപെടലോടെയാണ് കുടുംബവുമായുള്ള ആശയവിനിമയം ആദ്യമായി സാധിക്കുന്നത്. പ്രമുഖ പണ്ഡിതനും സൂഫിയുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീള് വഴിയുള്ള ഇടപെടലാണ് കുടുംബത്തിനെ പുനരാലോചനയിലേക്ക് സമ്മതിപ്പിച്ചത്. അദ്ദേഹത്തിന്റെ നിര്‍ദേശത്തെ കുടുംബം മാനിക്കുകയാണ് ചെയ്തത്. ഇന്നത്തെ ചര്‍ച്ചയില്‍ ബ്ലഡ് മണി സ്വീകരിക്കുന്ന കാര്യത്തിലും ഒരു അന്തിമ തീരുമാനം ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. കുടുംബത്തെ അനുനയിയപ്പിക്കുന്നതിന്റെ ശ്രമങ്ങള്‍ക്കിടയില്‍ നാളത്തെ ശിക്ഷ നല്‍കുന്ന നടപടി താല്‍ക്കാലികമായി നീട്ടിവെക്കുക എങ്കിലും ചെയ്യണമെന്ന കാന്തപുരത്തിന്റെ ആവശ്യം യമന്‍ ഭരണകൂടം ഇന്ന് പരിഗണിക്കുമെന്നും ഓഫീസ് അറിയിച്ചിട്ടുണ്ട്.