/kalakaumudi/media/media_files/2026/02/17/dileep-athij-2026-02-17-10-27-53.jpg)
കൊച്ചി: സമൂഹമനസാക്ഷിയെ നടുക്കി, ഓടുന്ന കാറിൽ നടി ക്രൂരമായ പീഡനത്തിന് ഇരയായിട്ട് ഇന്നേക്ക് ഒൻപത് വർഷം ആകുന്നു . കേസിൽ വിധി വന്ന് 67 ദിവസമായിട്ടും സംസ്ഥാന സർക്കാർ ഇതുവരെയും അപ്പീൽ നൽകാൻ തയ്യാറായില്ല . വിധിക്കെതിരെ ഉടൻ അപ്പീൽ നൽകുമെന്നായിരുന്നു സർക്കാരിന്റെ പ്രതികരണം. എന്നാൽ ഇതുവരെ തുടർനടപടികൾ ഉണ്ടായിട്ടില്ല.
2017 ഫെബ്രുവരി 17ന് രാത്രിയായിരുന്നു തൃശ്ശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ നടി ആക്രമിക്കപ്പെട്ടത് .തുടർന്നിങ്ങോട്ട് നീതിക്കു വേണ്ടിയുള്ള പോരാട്ടം. സാംസ്‌കാരിക സിനിമ മേഖലയിൽ കേസ് ഉണ്ടാക്കിയ മാറ്റങ്ങൾ ചെറുതല്ല. എട്ടുവർഷം നീണ്ട വിചാരണക്കൊടുവിൽ ഇക്കഴിഞ്ഞ ഡിസംബർ 8ന് വിധിയെത്തി. ഡിസംബർ 12ന് ശിക്ഷാവിധിയും പ്രഖ്യാപിച്ചു.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാം പ്രതി പൾസർ സുനി ഉൾപ്പെടെയുള്ള ആറ് പേർക്ക് 20 വർഷം കഠിനതടവാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിച്ചത്. കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകി എന്നാരോപിക്കപ്പെട്ട നടൻ ദിലീപിനെ തെളിവുകളുടെ അഭാവത്തിൽ കോടതിവെറുതെ വിടുകയും ചെയ്തു .
ഗൂഢാലോചന കുറ്റം തെളിയിക്കാനാവാത്തതിലെ നിരാശ പ്രോസിക്യൂഷനും അതിജീവിതയും പരസ്യമായി പ്രകടിപ്പിച്ചിരുന്നു. 'നിയമത്തിന്റെ മുൻപിൽ ഈ രാജ്യത്തെ എല്ലാ പൗരന്മാരും തുല്യരല്ല എന്ന തിരിച്ചറിവ് നൽകിയതിന് നന്ദി'യെന്നായിരുന്നു അതിജീവിത പ്രതികരിച്ചത്.
അക്രമണത്തിന് ഇരയായ നടി പരാതി നൽകിയതിന്റെ പ്രാധാന്യം ഓർമിപ്പിച്ച് ഇന്ന് വൈകിട്ട് ഡബ്ല്യുസിസി മെഴുകുതിരി തെളിക്കും. തിരുവനന്തപുരം മാനവീയം വീഥി, കൊച്ചി മറൈൻഡ്രൈവിലെ അബ്ദുൽ കലാം മാർഗ്, കോഴിക്കോട് മാനാഞ്ചിറ ഓപ്പൺ സ്റ്റേജ് എന്നിവിടങ്ങളിൽ വൈകിട്ട് ആറിന് മെഴുകുതിരി തെളിയിച്ചാണ് ഒത്തുചേരൽ. അവൾക്കൊപ്പം എന്ന ടാഗ് ലൈനോടെ ഡബ്ല്യുസിസിയും രൂപീകൃതമായി ഒൻപത് വർഷമാകുമ്പോഴാണ് പരിപാടി ഒരുങ്ങുന്നത്.
കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു.പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാമെന്ന് ഡബ്ല്യുസിസി ഫെയ്‌സ്ബുക്കിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
