നിപ: മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു

പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്. സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു.

author-image
Prana
New Update
nipah virus
Listen to this article
0.75x 1x 1.5x
00:00 / 00:00

വണ്ടൂരിനടുത്ത് നടുവത്ത് നിപ ബാധിച്ച് മരിച്ച 24കാരന്റെ റൂട്ട് മാപ്പ് പുറത്തുവിട്ടു. സെപ്റ്റംബര്‍ ഒമ്പത് തിങ്കളാഴ്ച മരിച്ച യുവാവിന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. പുണെ വൈറോളജി ലാബിലെ ഫലമാണ് പോസിറ്റീവായത്.
സെപ്റ്റംബര്‍ നാലിനാണ് യുവാവിന് രോഗലക്ഷണങ്ങള്‍ ആരംഭിച്ചത്. നാലിനും അഞ്ചിനും യുവാവ് വീട്ടില്‍ തന്നെയായിരുന്നു. ആറാം തീയതി രാവിലെ 11.30 മുതല്‍ 12 വരെ ഫാസില്‍ ക്ലിനിക്കിലുണ്ടായിരുന്നു. അന്നേ ദിവസം വൈകീട്ട് 7.30 മുതല്‍ 7.45 വരെ ബാബു പാരമ്പര്യവൈദ്യശാലയിലും. അന്ന് രാത്രി 8.18 മുതല്‍ 10.30 വരെ ജെ.എം.സി. ക്ലിനിക്കില്‍ ചെലവഴിച്ചു.
ഏഴാം തീയതി രാവിലെ 9.20 മുതല്‍ 9.30 വരെ നിലമ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍. ഓട്ടോയിലായിരുന്നു ഈ യാത്ര. അന്ന് രാത്രി 7.25 മുതല്‍ 8.24 വരെ എന്‍.ഐ.എം.എസ് എമര്‍ജന്‍സി വിഭാഗത്തില്‍. അന്ന് രാത്രി 8.25ന് ഐ.സി.യു.വിലേക്ക് മാറ്റി. എട്ടാം തീയതി ഉച്ചയ്ക്ക് ഒരു മണി വരെ അവിടെ ചികിത്സയില്‍.
എട്ടിന് ഉച്ചയ്ക്ക് 1.25ന് എം.ഇ.എസ് ആശുപത്രിയിലേക്ക് മാറ്റി. 2.06 മുതല്‍ 3.55 വരെ എം.ഇ.എസ് അത്യാഹിത വിഭാഗത്തില്‍. 3.59 മുതല്‍ 5.25 വരെ എം.എര്‍.ഐ. മുറിയില്‍. 5.35 മുതല്‍ 6 വരെ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ തുടരുന്നു. പിന്നീട്, 6.10ന് എം.ഐ.സി.യു യൂണിറ്റ് ഒന്നിലേക്ക് മാറ്റുന്നു. ഒമ്പതാം തീയതി പുലര്‍ച്ചെ 12.50 വരെ ഇവിടെ ചികിത്സയില്‍.
ഒമ്പതിന് പുലര്‍ച്ചെ ഒന്നിന് എം.ഐ.സി.യു യൂണിറ്റ് രണ്ടിലേക്ക് മാറ്റുന്നു. പുലര്‍ച്ചെ 8.46 വരെ ഇവിടെ ചികിത്സയില്‍. യുവാവുമായി ബന്ധപ്പെട്ടവരുടെ സമ്പര്‍ക്കപ്പട്ടിക ആരോഗ്യവകുപ്പ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു. ഇതുവരെ 151 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്.
24കാരന്റെ മരണം നിപ ബാധിച്ചാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മലപ്പുറം ജില്ലയിലെ വിവിധയിടങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലപ്പുറം ജില്ലയില്‍ ആളുകള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി.
തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാര്‍ഡുകള്‍, മമ്പാട് പഞ്ചായത്തിലെ 7ാം വാര്‍ഡ് എന്നിവ കണ്ടെയ്ന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് പ്രഖ്യാപിച്ചു.

 

death nipah virus