കൊച്ചി: ലൈംഗികാതിക്രമക്കേസിൽ നടൻ നിവിൻ പോളി മുൻകൂർ ജാമ്യം തേടില്ലെന്ന് റിപ്പോർട്ട്. എഫ്‌ഐആർ റദ്ദാക്കാൻ അപേക്ഷ നൽകേണ്ടതില്ലെന്നാണ് തീരുമാനം. കേസ് എതിരാകില്ലെന്ന നിഗമനത്തെ തുടർന്നാണ് തീരുമാനം. സിനിമയിൽ അവസരം നൽകാമെന്ന് വാദ്ഗാനം ചെയ്ത് നിവിൻ പോളി ഉൾപ്പെടെ 6 പേർ കൂട്ടബലാത്സംഗം ചെയ്തുവെന്നാണ് യുവതിയുടെ പരാതി. കോതമംഗലം സ്വദേശിനിയായ യുവതി നൽകിയ പരാതിയിൽ നടനെതിരെ കേസെടുത്ത് അന്വേഷണം നടക്കുകയാണ്. കേസിൽ നിവിനെ ചൊവ്വാഴ്ച പൊലീസ് ചോദ്യം ചെയ്തിരുന്നു.
2023 ഡിസംബർ 14,15 തീയതികളിൽ ദുബായിൽ വച്ചാണ് സംഭവം നടന്നതെന്നാണ് യുവതി പൊലീസിനു നൽകിയ മൊഴി. മൊബൈൽ ഫോണിൽ പീഡന ദൃശ്യങ്ങൾ പകർത്തിയെന്നും അതു പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതി പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂട്ടബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് കേസിൽ ആറാം പ്രതിയായ നിവിൻ പോളിക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാൽ നടി പറയുന്ന ദിവസങ്ങളിൽ നിവിൻ ‘വർഷങ്ങൾക്ക് ശേഷം’ സിനിമയുടെ ഷൂട്ടിങ്ങിനായി കൊച്ചിയിൽ ഉണ്ടായിരുന്നുവെന്ന് സംവിധായകൻ വിനീത് ശ്രീനിവാസൻ വ്യക്തമാക്കിയിരുന്നു.
യുവതി പരാതിയുമായി രംഗത്തെത്തിയതിന് പിന്നാലെ ആരോപണങ്ങൾ തള്ളി നിവിൻ രംഗത്തെത്തിയിരുന്നു. വാർത്ത പുറത്തുവന്ന രാത്രി തന്നെ നിവിൻ പോളി വാർത്താസമ്മേളനം വിളിച്ച് ആരോപണങ്ങൾ നിഷേധിച്ചിരുന്നു.