വര്‍ഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത കുട്ടികള്‍ക്ക് അടുത്ത ക്ലാസുകളിലേക്ക് സ്ഥാനംകയറ്റം നല്‍കുന്നത് നിര്‍ത്തലാക്കി കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രസര്‍ക്കാരിന് കീഴിലുള്ള വിദ്യാലയങ്ങളില്‍ 5, 8 ക്ലാസുകളിലെ കുട്ടികളെയാണ് തീരുമാനം ബാധിക്കുക. വര്‍ഷാവസാന പരീക്ഷകളില്‍ വിജയിക്കാത്ത വിദ്യാര്‍ഥികളെ പരാജയപ്പെടുത്താന്‍ അനുവദിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വര്‍ഷാവസാന പരീക്ഷകളില്‍ പരാജയപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് അധിക പരിശീലനം നല്‍കുന്നതിനും ഫലം വന്ന് രണ്ട് മാസത്തിനുള്ളില്‍ വീണ്ടും പരീക്ഷ എഴുതാനും(സേ-സേവ് എ ഇയര്‍) അവസരം നല്‍കുമെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറയുന്നു. പുനഃപരീക്ഷയിലും പരാജയപ്പെട്ടാല്‍ ക്ലാസ് കയറ്റം അനുവദിക്കില്ല. എന്നാല്‍ വിദ്യാഭ്യാസം പൂര്‍ത്തിയാകുന്നതുവരെ ഒരു സ്‌കൂളിനും ഒരു കുട്ടിയെയും പുറത്താക്കാന്‍ കഴിയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.
കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ വിദ്യാലയങ്ങള്‍, സൈനിക് സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മൂവായിരത്തിലധികം സ്‌കൂളുകള്‍ക്ക് ഈ വിജ്ഞാപനം ബാധകമാകുമെന്ന് സ്‌കൂള്‍ വിദ്യാഭ്യാസ, സാക്ഷരതാ വകുപ്പ് സെക്രട്ടറി സഞ്ജയ് കുമാര്‍ അറിയിച്ചു.
സ്‌കൂള്‍ വിദ്യാഭ്യാസം ഒരു സംസ്ഥാനത്തിന്റെ പരിധിയില്‍ വരുന്ന വിഷയമായതിനാല്‍, സംസ്ഥാനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ തീരുമാനമെടുക്കാം. 2019 ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ (ആര്‍ടിഇ) ഭേദഗതിക്ക് ശേഷം 16 സംസ്ഥാനങ്ങളും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളും 5, 8 ക്ലാസുകളിലെ എല്ലാ കുട്ടികളെയും ജയിപ്പിക്കുന്ന 'നോ ഡിറ്റന്‍ഷന്‍ നയം' ഒഴിവാക്കിയിരുന്നു.