മലപ്പുറം: നിലമ്പൂർ എംഎൽഎ പി വി അൻവറിനെതിരെ മുൻ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. അൻവർ മത്സരിക്കുന്നത് ഉചിതമായിരിക്കുമെന്ന് പാർട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയവരുടെ കൂട്ടത്തിലൊരാളാണ് ഞാനെന്ന് ശ്രീരാമകൃഷ്ണൻ പറഞ്ഞു. അൻവറിന്റെ രീതികളെ കുറിച്ചുള്ള നല്ല ബോധ്യമുള്ളതു കൊണ്ടായിരുന്നു അത്തരമൊരു തീരുമാനത്തിലെത്തിയതെന്നും അദ്ദേഹം കൂട്ടിചേർത്തു. എന്നാൽ ഇപ്പോൾ അൻവർ അതിര് കടന്നു എന്നാണ് ശ്രീരാമകൃഷ്ണൻറെ ആരോപണം. ഫേസ്ബുക്കിലൂടെയാണ് ശ്രീരാമകൃഷ്ണൻറെ പ്രതികരണം.
അൻവറുമായി 2006ൽ നടത്തിയ സംഭാഷണത്തെക്കുറിച്ചും ശ്രീരാമകൃഷ്ണൻ ഓർമിച്ചു. കാര്യങ്ങൾ ഗ്രഹിക്കുമ്പോഴുള്ള സൂക്ഷ്മതയും ചടുലമായ വിലയിരുത്തലുകളും അദ്ദേഹത്തിന് നന്നായി വഴങ്ങുമെന്ന് തനിക്കപ്പോൾ ബോധ്യപ്പെട്ടുവെന്നും കാര്യങ്ങൾ കൈകാര്യം ചെയ്യാൻ അൻവറിന് ശേഷിയുണ്ടെന്ന് ബോധ്യമായെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇപ്പോൾ കാര്യങ്ങൾ കൈവിട്ടുപോയെന്നും അൻവറിപ്പോൾ പ്രമാണിത്തമാണ് കാണിക്കുന്നതെന്നും ശ്രീരാമകൃഷ്ണൻ ആരോപിച്ചു.
'സർക്കാർ പരിശോധിച്ച് അറിയിക്കാം, നടപടിയെടുക്കാം എന്ന് പറഞ്ഞാൽ പോര, താൻപറഞ്ഞ ഡെഡ്‌ലൈൻ പാലിക്കണം എന്ന 'പോക്കിരിരാജ' ശൈലി എടുക്കാവുന്ന പാർട്ടിയോ ഗവൺമെന്റോ അല്ലെന്നുള്ള ബോധ്യം അൻവറിനുണ്ടാവേണ്ടതായിരുന്നു. തന്റെ വാദം സമർത്ഥിക്കാനായി കാടുകുലുക്കി കരിമ്പിൻ തോട്ടത്തിൽ ആന കയറിയ പോലെ പെരുമാറുന്നത് ശുദ്ധ അസംബന്ധമല്ലാതെ മറ്റെന്താണ്. കോടൂരിലും കോട്ടയ്ക്കലിലുമായി കഴിഞ്ഞ ആറു പതിറ്റാണ്ടായി മുസ്ലിം സമൂഹവുമായി ഏറ്റവും അടുത്തിടപഴകികൊണ്ടിരിക്കുന്ന സഖാവ് ഇ എൻ മോഹൻദാസിനെ ആർഎസ്എസുകാരനെന്ന് ആക്ഷേപിച്ചത് ഏത് യുക്തിയിലാണ്. സിപിഐഎം ജില്ലാ സെക്രട്ടറിയെ രാഷ്ട്രീയമായി വിമർശിക്കുന്നതിന് പകരം ഇത്തരം ആക്ഷേപങ്ങൾ ചൊരിഞ്ഞാൽ കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് അൻവർ ഓർക്കണമായിരുന്നു', അദ്ദേഹം പറഞ്ഞു. ഒരു പോക്കിരിരാജയ്ക്കും ചെങ്കൊടിയുടെ മേലെ പറക്കാനാകില്ലെന്ന് പറഞ്ഞാണ് ശ്രീരാമകൃഷ്ണൻ കുറിപ്പ് അവസാനിപ്പിച്ചത്.