സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് അഴിച്ചുപണിയുമായി സര്‍ക്കാര്‍. മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥര്‍ പി ബി നൂഹിനെ ഗതാഗത വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായും ശ്രീറാം വെങ്കിട്ട രാമനെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടറായും നിയമിച്ചു. ധനകാര്യ (വിഭവശേഷി) വകുപ്പിലെ ജോയിന്റ് സെക്രട്ടറിയും സ്പെഷ്യല്‍ ഡ്യൂട്ടി ഓഫീസറുമായി സേവനം അനുഷ്ഠിച്ച് വരികയായിരുന്നു ശ്രീറാം. മാര്‍ച്ച് വരെ കേരള ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്.കൃഷി വികസന, കര്‍ഷകക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ. അദീല അബ്ദുള്ളയെ സാമൂഹിക നീതി വകുപ്പില്‍ സ്പെഷ്യല്‍ സെക്രട്ടറിയാക്കി. നൂഹ് നിലവില്‍ കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമാണ്. കായിക, യുവജനകാര്യ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത് ഫിഷറീസ് ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ ബി-യെയാണ്. ന്യൂനപക്ഷ ക്ഷേമ വകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി, ഫിഷറീസ് ഡയറക്ടര്‍ തസ്തികകളുടെ അധിക ചുമതലയും ഇദ്ദേഹത്തിനുണ്ട്.പൊതുമരാമത്ത് വകുപ്പ് അഡീഷണല്‍ സെക്രട്ടറിയായ ഷിബു എ കേരള സംസ്ഥാന മണ്‍പാത്ര നിര്‍മ്മാണ മാര്‍ക്കറ്റിംഗ് ആന്‍ഡ് വെല്‍ഫെയര്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്റെ മാനേജിംഗ് ഡയറക്ടറുടെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും. കൊളീജിയറ്റ് വിദ്യാഭ്യാസ ഡയറക്ടര്‍ സുധീര്‍ കെ ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍ സ്ഥാനത്തിന്റെ പൂര്‍ണ്ണ അധിക ചുമതല വഹിക്കും.