/kalakaumudi/media/media_files/2025/08/30/sachi-2025-08-30-17-11-57.jpg)
ശിവഗിരി: അഹിന്ദുവായ യുവതി ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ കാലുകഴുകിയതിന്റെ പേരില്‍ ഒരാഴ്ചക്കാലത്തെ പുണ്യാഹം നടത്തിയ സംഭവത്തെ അപലപിച്ച് ശിവഗിരിമഠം അധ്യക്ഷന്‍ സച്ചിദാനന്ദ സ്വാമി.
അഹിന്ദുവായ സഹോദരി ക്ഷേത്രക്കുളത്തിലിറങ്ങിയത് വലിയ അപരാധമായി ചിത്രീകരിച്ച് പുണ്യാഹം നടത്തുന്നത് പരിഷ്‌കൃത കേരളത്തിന് ചേര്‍ന്നതല്ലെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മറിച്ച്, ദേവസ്വം ബോര്‍ഡും സര്‍ക്കാരും ദേവസ്വംവക ക്ഷേത്രങ്ങളില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നല്‍കുന്നതിനെ കുറിച്ച് ചിന്തിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
മുമ്പ് കേരളത്തില്‍ നടന്ന ക്ഷേത്രപ്രവേശന വിളംബരത്തേയും സച്ചിദാനന്ദ സ്വാമി ഓര്‍മിപ്പിച്ചു. അന്ന് ഈഴവരുള്‍പ്പടെയുള്ള പിന്നോക്ക ജാതിക്കാര്‍ ക്ഷേത്രത്തില്‍ പ്രവേശിച്ചാല്‍ ക്ഷേത്രചൈതന്യത്തിന് കോട്ടം തട്ടുമെന്ന വിശ്വാസമുണ്ടായിരുന്നു.
ഈ ദുരാചാരം നീങ്ങിയതോടെ ഹൈന്ദവ ആരാധനയ്ക്ക് വലിയ വളര്‍ച്ചയാണുണ്ടായത്. അതുകൊണ്ടുതന്നെ അഹിന്ദുക്കള്‍ക്കും ഹിന്ദു ക്ഷേത്രങ്ങളില്‍ പ്രവേശനം നല്‍കണമെന്നാണ് ശിവഗിരിമഠത്തിന്റെ അഭിപ്രായമെന്ന് അദ്ദേഹം പ്രതികരിച്ചു.
സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സറായ ജാസ്മിന്‍ ജാഫര്‍ ഗുരുവായൂര്‍ ക്ഷേത്രക്കുളത്തില്‍ പ്രവേശിച്ച് റീല്‍സ് ചിത്രീകരിച്ച സംഭവത്തിലാണ് ക്ഷേത്രം അധികൃതര്‍ ശുദ്ധികര്‍മങ്ങള്‍ നടത്തിയത്.
ഒപ്പം ജാസ്മിന്‍ ജാഫറിന് എതിരെ നിയമനടപടിക്കും ക്ഷേത്രം അധികൃതര്‍ നീക്കം നടത്തുന്നുണ്ട്.ആചാരലംഘനം ആരോപിച്ച് ആറ് ദിവസം കണക്കാക്കി 19 ശീവേലികളും 19 പൂജകളും നിവേദ്യങ്ങളും നടത്തിയിരുന്നു.
ഈ സമയത്ത് ഭക്തര്‍ക്ക് ക്ഷേത്രപ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. അതേസമയം, വിവാദമായ റീല്‍സ് പിന്‍വലിച്ച് ജാസ്മിന്‍ ജാഫര്‍ ഖേദംപ്രകടിപ്പിച്ചിരുന്നു.