/kalakaumudi/media/media_files/2025/01/23/nbBzNznIG6mh6S709Hmb.jpg)
Pinarayi Vijayan
നോര്‍ക്കയുടെയും ലോക കേരള സഭയുടെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന നോര്‍ക്ക പ്രൊഫഷണല്‍ ആന്റ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ ഇന്ന് രാവിലെ 10 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കേരളത്തിന്റെ വികസനദൗത്യം യാഥാര്‍ത്ഥ്യമാക്കാന്‍ പ്രവാസി സമൂഹത്തിന്റെ വൈദഗ്ധ്യം, നിക്ഷേപങ്ങള്‍, ആഗോള നെറ്റ്വര്‍ക്കുകള്‍ എന്നിവ തന്ത്രപരമായി പ്രയോജനപ്പെടുതുന്നതിനുള്ള വേദിയായാണ് നോര്‍ക്ക പ്രൊഫഷണല്‍ ആന്‍ഡ് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് സംഘടിപ്പിക്കുന്നതെന്ന് നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു .
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 50 പ്രമുഖ മലയാളി പ്രൊഫഷണലുകള്‍, സിഇഒമാര്‍, സംരംഭകര്‍, ശാസ്ത്രജ്ഞര്‍, സാങ്കേതിക വിദഗ്ധര്‍, ആരോഗ്യരംഗത്തെ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ പ്രമുഖര്‍ എന്നിവരും കേരള സര്‍ക്കാരിലെ മുതിര്‍ന്ന നയരൂപകരും, വ്യവസായ രംഗത്തെ പ്രതിനിധികളും മീറ്റിംഗില്‍ പങ്കെടുക്കും. വിദ്യാഭ്യാസം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഹെല്‍ത്ത്‌കെയര്‍, സാമൂഹിക നവീകരണം, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളെ കേന്ദ്രീകരിച്ചുള്ള വിവിധ സെഷനുകളും മീറ്റിന്റെ ഭാഗമായി നടക്കും.
ആരോഗ്യം, ഭാവി സാങ്കേതികവിദ്യകള്‍, പുതു ഊര്‍ജം - സുസ്ഥിര വികസനം - കാലാവസ്ഥ, വിദ്യാഭ്യാസം - ഭാവിയിലേക്കുള്ള നൈപുണ്യ വികസനം, സാമൂഹിക നവീകരണം എന്നീ മേഖലകളില്‍ സഹകരണ പദ്ധതികള്‍ ആരംഭിക്കുക, ഗ്ലോബല്‍ അംബാസഡര്‍മാരായി പ്രവാസി മലയാളികളെ ഉയര്‍ത്തിക്കാട്ടി കേരളത്തിന്റെ ആഗോള പ്രതിഛായ വര്‍ദ്ധിപ്പിക്കുക, അതിലൂടെ നിക്ഷേപം ആകര്‍ഷിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം.
വിവിധ സെഷനുകളിലായി മന്ത്രിമാരായ പി രാജീവ്, എം ബി രാജേഷ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, സജി ചെറിയാന്‍ എന്നിവര്‍ പരിപാടിയുടെ ഭാഗമാകും . ചീഫ് സെക്രട്ടറി ഡോ.എ ജയതിലക്, സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ വി കെ രാമചന്ദ്രന്‍, നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാന്‍ എം എ യൂസഫലി, റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ഡയറക്ടര്‍മാരായ ഒ വി മുസ്തഫ, ജെ കെ മേനോന്‍, നോര്‍ക്ക ഡിപ്പാര്‍ട്ട്‌മെന്റ് സെക്രട്ടറി എസ് ഹരികിഷോര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.