/kalakaumudi/media/media_files/oyeZmlnHjk4ouQTS6sRA.jpg)
കൊച്ചി: പൊളിച്ചുമാറ്റിയ കെട്ടിടത്തിന് നികുതിയടക്കാൻ പഞ്ചായത്തിൽ നിന്ന് ലഭിച്ച നോട്ടീസിന് പരിഹാരം ലഭിച്ച സന്തോഷത്തിലാണ് മരട് നഗരസഭയിൽ തറേപറമ്പിൽ വീട്ടിൽ ടി എസ് സേവ്യർ. എറണാകുളം നോർത്ത് ടൗൺഹാളിൽ സംഘടിപ്പിച്ച ജില്ലാതല തദ്ദേശ അദാലത്തിലാണ് സേവ്യറിന്റെ പ്രശ്നത്തിന് പരിഹാരമായത്.
1996-ൽ കെട്ടിടം ജീർണാവസ്ഥയിൽ പൊളിഞ്ഞുപോയ വിവരം രേഖാമൂലം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. എന്നാൽ കുടിശ്ശിക ഉൾപ്പടെ അടയ്ക്കാൻ ആവശ്യപ്പെട്ടാണ് 2023 ഫെബ്രുവരി മാസത്തിൽ നഗരസഭയിൽ നിന്ന് നോട്ടീസ് ലഭിച്ചത്. 2013-14 മുതൽ 2022-23 വരെ പിഴപലിശ ഉൾപ്പെടെ നികുതി അടയ്ക്കാനാണ് നോട്ടീസിൽ പറയുന്നത്. കെട്ടിടം നിലവിൽ ഇല്ലാത്ത സാഹചര്യത്തിൽ ഇത് ഒഴിവാക്കി തരണമെന്ന് അപേക്ഷയുമായാണ് സേവ്യർ അദാലത്തിൽ എത്തിയത്.
പരാതി സംബന്ധിച്ച് ജില്ലാതല അദാലത്ത് സമിതി വിശദമായി പരിശോധിക്കുകയും നിലവിൽ കെട്ടിടം പൊളിച്ചു കളഞ്ഞ അവസ്ഥയിലാണെന്ന് കണ്ടെത്തുകയും ചെയ്തു. ഇതനുസരിച്ച് കെട്ടിടം 96-ൽ പൊളിച്ചു കളഞ്ഞതായി രേഖാമൂലം വിവരം അറിയിച്ചുവെന്ന് വാദം അംഗീകരിച്ച് 96 മുതലുള്ള നികുതി കുടിശ്ശിക ഒഴിവാക്കി നൽകാൻ മന്ത്രി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് അദാലത്തിൽ നിർദ്ദേശം നൽകി.