/kalakaumudi/media/media_files/2026/01/15/mardau-2026-01-15-20-16-42.jpg)
കൊച്ചി: ഹണിട്രാപ് കേസിലെ പ്രതിയെ തേടിപ്പോയ പൊലീസിനു മുന്നില്‍ പെട്ടത് കുപ്രസിദ്ധ ഗുണ്ടാ നേതാവ് മരട് അനീഷ്. കൊച്ചിയിലെ പഴയൊരു കേസില്‍ അറസ്റ്റ് ചെയ്ത അനീഷിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
ജാമ്യം ലഭിച്ചാല്‍ അനീഷിനെ തമിഴ്‌നാട് കോയമ്പത്തൂര്‍ ചാവടിയില്‍ നിന്ന് എത്തിയിട്ടുള്ള പൊലീസ് സംഘം കസ്റ്റഡിയിലെടുത്തേക്കും. റിമാന്‍ഡ് ചെയ്താല്‍ കേരളത്തിലെ ഏതെങ്കിലും ജയിലിേലക്ക് മാറ്റും. തന്നെ എന്‍കൗണ്ടറില്‍ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് അടുത്തിടെ മരട് അനീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. തങ്ങള്‍ കൈമാറില്ലെന്നും കോടതിയില്‍ ഹാജരാക്കുന്ന മുറയ്ക്ക് തമിഴ്‌നാട് പൊലീസിനു കസ്റ്റഡി ആവശ്യപ്പെടാമെന്നും പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.
ഹണിട്രാപ് കേസിലെ ഒരു പ്രതിയെ തിരഞ്ഞു പോയ വടക്കന്‍ പറവൂര്‍ പൊലീസാണ് മുളവുകാട് സ്റ്റേഷന്‍ പരിധിയില്‍ മരട് അനീഷ് ഉള്ള കാര്യം മനസിലാക്കുന്നത്. അവര്‍ ഇക്കാര്യം മുളവുകാട് പൊലീസിനെ അറിയിച്ചു. തുടര്‍ന്ന് മുളവുകാട് പൊലീസ് എത്തി അനീഷിനെ കസ്റ്റഡിയിലെടുത്തെങ്കിലും അവിടെ കേസ് ഇല്ലാത്തതിനാല്‍ കൊച്ചി സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് കൈമാറി. ഇവിടെ 2005ല്‍ അനീഷിന്റെ പേരില്‍ ഒരു വാറണ്ട് ഉണ്ടായിരുന്നു എന്നത് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. കോടതിയില്‍ ഹാജരാകേണ്ട സമയത്ത് അനീഷ് എത്തിയില്ലെന്നും തുടര്‍ന്ന് വാറണ്ട് പുറപ്പെടുവിച്ചിരുന്നു എന്നുമാണ് പൊലീസ് ഭാഷ്യം. തുടര്‍ന്ന് ഈ കേസില്‍ അറസ്റ്റ് ചെയ്ത ശേഷം കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു.
തമിഴ്‌നാട്ടിലെ ചാവടിയില്‍ നിന്നുള്ള പൊലീസ് സംഘം കൊച്ചിയില്‍ എത്തിയിട്ടുണ്ടെന്നാണ് മനസിലാക്കുന്നതെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. ഏറെക്കാലമായി കൊച്ചി നഗരത്തില്‍ തന്നെയുണ്ടെങ്കിലും അനീഷിനെ പൊലീസ് പിടികൂടിയിരുന്നില്ല. തനിക്ക് വധഭീഷണിയുണ്ടെന്ന് അനീഷ് പല മാധ്യമങ്ങളോടും പറഞ്ഞിരുന്നു. തമിഴ്‌നാട് പൊലീസ് തന്നെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തും എന്നായിരുന്നു അനീഷിന്റെ ആരോപണം. ഇതിനു പിന്നാലെയാണ് അനീഷിനെ ഇന്ന് അറസ്റ്റ് ചെയ്തിരിക്കുന്നത്.
കോയമ്പത്തൂരിനടുത്ത് മധുക്കരൈ ചാവടിയില്‍ വച്ച് സ്വര്‍ണം തട്ടിയെടുത്ത കേസാണ് മരട് അനീഷിനെതിരെ ഉള്ളതെന്നാണ് വിവരം. വാഹനത്തില്‍ കടത്തുകയായിരുന്ന സ്വര്‍ണം അനീഷും സംഘവും പിടിച്ചടുക്കുകയായിരുന്നു. ഈ കേസില്‍ ചാവടി പൊലീസ് അന്വേഷിക്കുന്ന അനീഷ് കേരളത്തിലാണ് ഒളിവില്‍ കഴിഞ്ഞത്. തമിഴ്‌നാട്ടില്‍ സ്പിരിറ്റ് കച്ചവടം ഉള്‍പ്പെടെ താന്‍ നടത്തിയിരുന്നു എന്ന് അനീഷ് പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. 2023ല്‍ അനീഷ് കൊച്ചിയിലെ ഒരു ആശുപത്രിയില്‍ അഡ്മിറ്റ് ആയതിനു പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചിരുന്നു. പിന്നാലെ വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ച് അനീഷിനു നേരെ വധശ്രമവും ഉണ്ടായി. മറ്റൊരു കേസില്‍ തമിഴ്‌നാട് പൊലീസ് അന്വേഷിക്കുന്ന സമയമായിരുന്നു ഇത്.
2012ല്‍ ഡിണ്ടിഗലില്‍ വച്ച് തമിഴ്‌നാട് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മരട് അനീഷിന്റെ അനുയായിയായ സിനോജ് കൊല്ലപ്പെട്ടിരുന്നു. തമിഴ്‌നാട്ടിലെ ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന സമയത്തായിരുന്നു ഇത്. ഈ കേസില്‍ ഉള്‍പ്പെട്ടിരുന്ന തൈക്കുടം സ്വദേശി പ്രതീഷ് വര്‍ഗീസ് ഇക്കഴിഞ്ഞ ഒക്ടോബറില്‍ തമിഴ്‌നാട് ജയിലില്‍ വച്ച് കൊല്ലപ്പെട്ടിരുന്നു. കൊച്ചിയില്‍ നിന്ന് പിടിച്ചുകൊണ്ടു പോയി ദിവസങ്ങള്‍ക്കകം കുഴഞ്ഞു വീണു മരിച്ചു എന്നായിരുന്നു പൊലീസ് ഭാഷ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
