നോവ് ബാക്കിയായി ;മിഥുന്റെ സ്വപ്നം യാഥാർഥ്യമായി ,സ്നേഹഭവനം കുടുംബത്തിന് കൈമാറി

മിഥുൻ തന്റെ കുടിലിന്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുൻ ഭവനം' എന്ന പേരിൽ തലയുയർത്തി നിൽക്കുന്നു.

author-image
Devina
New Update
midhun snehabhavanam

കൊല്ലം: തേവലക്കര ബോയ്സ് ഹൈസ്‌കൂൾ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനിൽ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാർഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറി.

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ ധനമന്ത്രി കെ എൻ ബാലഗോപാലിൽ നിന്നും മിഥുന്റെ മാതാപിതാക്കൾ ഏറ്റുവാങ്ങി. പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടിൽ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

നോവ് ബാക്കിയായി, എന്നാൽ മിഥുന്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു എന്ന് വീട് കൈമാറുന്നതുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടി ഫെയ്‌സ്ബുക്കിൽ കുറിച്ചു. വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരൻ മിഥുന്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്‌കൂൾ മുറ്റത്തെ കളിചിരികൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോൾ, വിറങ്ങലിച്ചു നിൽക്കാനേ നമുക്ക് സാധിച്ചുള്ളൂ.

മിഥുൻ തന്റെ കുടിലിന്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവന്റെ ആ സ്വപ്നം 'മിഥുൻ ഭവനം' എന്ന പേരിൽ തലയുയർത്തി നിൽക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിന്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്.മിഥുന്റെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു.

കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്‌ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവർത്തനമാണെന്നും മന്ത്രി അറിയിച്ചിരുന്നു.ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുൻ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് മിഥുന്റെ കുടുംബത്തിന് വീട് നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചത്.

1000 സ്‌ക്വയർഫീറ്റ് വിസ്തൃതിയുള്ള വീടിന് മന്ത്രി ശിവൻകുട്ടിയാണ് കല്ലിട്ടത്. 20 ലക്ഷം രൂപ ചെലവ് വന്ന വീട്ടിൽ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉൾപ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബിൽഡേഴ്സിനായിരുന്നു നിർമാണ ചുമതല.

അഞ്ചുമാസത്തിനുള്ളിൽ നിർമാണം പൂർത്തീകരിച്ചാണ് വീട് കൈമാറിയിരിക്കുന്നത്. വീടിന് പുറമെ, മിഥുന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് 10 ലക്ഷവും വിദ്യാഭ്യാസ വകുപ്പ് മൂന്നുലക്ഷവും കെഎസ്ഇബി 10 ലക്ഷവും കെഎസ്ടിഎ 11 ലക്ഷം രൂപയും നഷ്ടപരിഹാരമായി നൽകിയിരുന്നു. സ്‌കൂൾ മാനേജ്മെന്റും 10 ലക്ഷം രൂപ നൽകി.