'സമദൂരം' കാറ്റില്‍പ്പറത്തി സുകുമാരന്‍ നായര്‍; ഇനി ഇടതിനൊപ്പം

സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ എന്‍എസ്എസ് മാത്രമാണ് നാമജപ ഘോഷയാത്ര നടത്തിയത്. അന്ന് കോണ്‍ഗ്രസും ബിജെപിയും പങ്കുചേര്‍ന്നില്ല. വിശ്വാസികള്‍ കൂട്ടത്തോടെ ഞങ്ങളോടൊപ്പം വരുന്നത് കണ്ടാണ് അവര്‍ ചേര്‍ന്നത്.

author-image
Biju
New Update
suku

തിരുവനന്തപുരം: എന്‍ എസ് എസ് 'സമദൂരം' വിടുന്നു. സമദൂരത്തിലെ ശരിദൂര ചര്‍ച്ചകള്‍ മാറ്റി വച്ച് നിലപാട് പ്രഖ്യാപനം നടത്തുകയാണ്. എന്‍ എസ് എസ്. ആഗോള അയ്യപ്പസംഗമം ബഹിഷ്‌കരിച്ച് സംസ്ഥാന സര്‍ക്കാരിനെതിരെ പ്രചാരണത്തിനിറങ്ങിയ യുഡിഎഫിനും ബിജെപിക്കുമെതിരെ രൂക്ഷവിമര്‍ശനവുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായരുടെ നിലപാട് വിശദീകരണം. 

വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ബിജെപിയോ കോണ്‍ഗ്രസോ ഒന്നും ചെയ്തിട്ടില്ലെന്ന് ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. ഇരുകൂട്ടരുടെയും ബഹിഷ്‌കണം വോട്ട് ലക്ഷ്യംവച്ചാണെന്നും കുറ്റപ്പെടുത്തി. ഇന്ന് പല മാദ്ധ്യമമാധ്യമങ്ങള്‍ക്കും സമാന പ്രതികരണം നല്‍കി. ഇതോടെ എന്‍ എസ് എസും ഇടത്തോട്ട് ചായുകയാണ്. 

സിപിഎം ഏറെ പ്രതീക്ഷയിലാണ് ഈ പ്രസ്താവനയെ കാണുന്നത്. കോണ്‍ഗ്രസ് ഇനി കരുതലും എടുക്കും. ബിജെപിയും എന്‍ എസ് എസ് തീരുമാനത്തില്‍ നിരാശരാണ്.

'വിശ്വാസ സമൂഹത്തിന്റെ ആചാരങ്ങളും അവകാശങ്ങളും സംരക്ഷിക്കാന്‍ ബിജെപി നയിക്കുന്ന കേന്ദ്രസര്‍ക്കാരോ കോണ്‍ഗ്രസോ ഒന്നും ചെയ്തിട്ടില്ല. എന്നാല്‍, വിശ്വാസികളോടൊപ്പമുണ്ടാകുമെന്ന് എല്‍ഡിഎഫ് സര്‍ക്കാര്‍ പറഞ്ഞ വാക്ക് പാലിച്ചു. സുപ്രീംകോടതിവിധിയുടെ പശ്ചാത്തലത്തില്‍ ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. എന്നാല്‍, സര്‍ക്കാര്‍ അത് ചെയ്തില്ല' അദ്ദേഹം പറഞ്ഞു. 

സ്ത്രീ പ്രവേശന വിധി വന്നപ്പോള്‍ എന്‍എസ്എസ് മാത്രമാണ് നാമജപ ഘോഷയാത്ര നടത്തിയത്. അന്ന് കോണ്‍ഗ്രസും ബിജെപിയും പങ്കുചേര്‍ന്നില്ല. വിശ്വാസികള്‍ കൂട്ടത്തോടെ ഞങ്ങളോടൊപ്പം വരുന്നത് കണ്ടാണ് അവര്‍ ചേര്‍ന്നത്. ആചാരങ്ങളും പാരമ്പര്യവും സംരക്ഷിക്കുക എന്നതായിരുന്നു ആത്യന്തിക ലക്ഷ്യം. അക്കാര്യങ്ങളില്‍ നല്‍കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിച്ചു. 

അയ്യപ്പസംഗമം പശ്ചാത്താപമാണെന്ന് വ്യാഖ്യാനിക്കുന്നതില്‍ അര്‍ഥമില്ല. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനായാണ് ബിജെപിയും കോണ്‍ഗ്രസും അയ്യപ്പസംഗമം ബഹിഷ്‌കരിച്ചത്. ഹിന്ദു വോട്ടുകള്‍ അവര്‍ക്ക് ആവശ്യമില്ലെന്നും ന്യൂനപക്ഷ വോട്ടുകള്‍ മാത്രം മതിയെന്നുമാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പന്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പസംഗമം വലിയ വിജയമായിരുന്നു. പന്തളത്ത് സംഘപരിവാര്‍ സംഗമം പ്രതിഷേധവും ഉയര്‍ന്നുവെന്നും സിപിഎം വിലയിരുത്തുന്നു. ഈ സാഹചര്യത്തില്‍, സുകുമാരന്‍ നായരുടെ തുറന്നുപറച്ചിലിന് വലിയ രാഷ്ട്രീയ പ്രാധാന്യമാണുള്ളത്. 

ശബരിമലയില്‍ വികസനം ഉറപ്പുവരുത്തി ആഗോള തീര്‍ഥാടനകേന്ദ്രമാക്കി ഉയര്‍ത്താനുള്ള സര്‍ക്കാരിന്റെ നയത്തിനുള്ള പിന്തുണ കൂടിയാണ് എന്‍എസ്എസ് നിലപാട്. ശബരിമല ആചാരസംരക്ഷണത്തിനായി ബിജെപിയും കോണ്‍ഗ്രസും ഒന്നും ചെയ്തില്ലെന്ന് എന്‍എസ്എസ് പറയുന്നുണ്ട്. 2018ഒക്ടോബര്‍ രണ്ടിന് പന്തളത്തെ നാമജപ ഘോഷയാത്രയുടെ വിജയം കണ്ടാണ് ബിജെപിയും ആര്‍എസ്എസും ഇടപെട്ടത്. വലിയ തുക ചെലവിട്ട് മുതിര്‍ന്ന അഭിഭാഷകന്‍ കെ.പരാശരനെ എത്തിച്ച് സുപ്രീംകോടതിയില്‍ കേസ് നടത്തിയത് എന്‍.എസ്.എസാണ്. കേരള സര്‍ക്കാര്‍ നിലപാട് തിരുത്തി പഴയ ആചാരം സംരക്ഷിക്കുന്ന നിലപാട് എടുത്തതിനാലാണ് അയ്യപ്പസംഗമത്തില്‍ പങ്കെടുത്തത്.

കേരള സര്‍ക്കാരിനേ ഇക്കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുകയുള്ളു. പറഞ്ഞത് മാറ്റാന്‍ പറ്റാത്തത് കൊണ്ടാണ് പന്തളം സംഗമത്തോട് സഹകരിക്കാതെ ഇരുന്നത്. പന്തളത്തെ സംഗമത്തോടും വിരോധമില്ല. വിശ്വാസത്തിന് ഒപ്പം വികസനവും വേണമെന്നും എസ്.എസ്.എസ്. വ്യക്തമാക്കി. പമ്പയില്‍ നടന്ന അയ്യപ്പ സംഗമത്തിന് ബദലായിട്ടായിരന്നു ശബരിമല കര്‍മ്മസമിതി പന്തളത്ത് സംഗമം നടത്തിയത്. 

പന്തളം സംഗമത്തിലൂടെ സര്‍ക്കാരിന് കനത്ത തിരിച്ചടി കൊടുക്കാന്‍ കഴിഞ്ഞെന്ന ആത്മവിശ്വാസത്തിലാണ് ശബരിമല കര്‍മ്മസമിതി. ശബരിമലയിലെ സര്‍ക്കാരിന്റെ ഇടപെടലുകളും ദേവസ്വം ബോര്‍ഡിന്റെ ആരാധനാപരമല്ലാത്ത ഇടപെടലുകളും അവസാനിപ്പിക്കണം എന്നാണ് കേന്ദ്രസര്‍ക്കാരിന് നല്‍കിയ പ്രമേയം. അടുത്തയാഴ്ച പ്രധാനമന്ത്രിക്ക് കൈമാറുമെന്ന് ബിജെപി അധ്യക്ഷന്‍ പറയുകയും ചെയ്തു.

എന്നും കോണ്‍ഗ്രസിനൊപ്പം നിന്ന സമുദായ സംഘടനയാണ് എന്‍ എസ് എസ്. ബിജെപിയേയും ചിലയിടത്ത് തുണച്ചു. എന്നാല്‍ ആദ്യമായാണ് ഇത്ര പരസ്യമായി സിപിഎമ്മിനെ എന്‍ എസ് എസ് പിന്തുണയ്ക്കുന്നത്.

g sukumaran nair