വെളളാപ്പള്ളിയുടെ പത്മഭൂഷണില്‍ സംശയം ഉന്നയിച്ച് എൻഎസ്എസ്

ഐക്യ ചർച്ചയ്ക്കായി വെള്ളാപ്പള്ളി വിടുന്നത് ബിജെപി മുന്നണി നേതാവിനെയാണ്. അതിനിടെയാണ് കേന്ദ്രത്തിന്റെ പത്മഭൂഷൺ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്

author-image
Devina
New Update
velli

കോട്ടയം: എസ്എൻഡിപി- എൻഎസ്എസ് ഐക്യ നീക്കത്തിനു പിന്നിൽ രാഷ്ട്രീയ അടിയൊഴുക്കുണ്ടെന്ന് തോന്നിയതിന്റെ അടിസ്ഥാനത്തിലാണ് പിന്മാറാൻ തീരുമാനിച്ചതെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഐക്യ ചർച്ചയ്ക്കായി വെള്ളാപ്പള്ളി വിടുന്നത് ബിജെപി മുന്നണി നേതാവിനെയാണ്. അതിനിടെയാണ് കേന്ദ്രത്തിന്റെ പത്മഭൂഷൺ ബഹുമതി അദ്ദേഹത്തിന് ലഭിക്കുന്നത്.

എൻഎസ്എസുമായിട്ടുള്ള ഐക്യത്തെപ്പറ്റി സംസാരിക്കാൻ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയുടെ മകനെ വിടുമെന്നാണ് പറഞ്ഞത്. അദ്ദേഹം എൻഡിഎ മുന്നണിയുടെ കേരളത്തിലെ ചുമതലക്കാരനാണ്. എൻഎസ്എസിന് രാഷ്ട്രീയമില്ലാത്തതിനാൽ രാഷ്ട്രീയ ചുമതല വഹിക്കുന്ന ആളിനെയല്ലല്ലോ ചർച്ചയ്ക്ക് വിടേണ്ടത്. അപ്പോൾ അതിൽ അടിയൊഴുക്കുണ്ടെന്ന് തോന്നിയെന്ന് സുകുമാരൻ നായർ പറഞ്ഞു.

ഐക്യം എന്ന ആശയം മുന്നോട്ടുവെച്ചത് എസ്എൻഡിപിയാണ്. രണ്ട് പ്രബല ഹിന്ദു സമുദായങ്ങൾ യോജിക്കുക എന്ന നിലയിലാണ് അതിനെ സ്വാഗതം ചെയ്തത്. ചർച്ചയ്ക്ക് ജനറൽ സെക്രട്ടറി തന്നെ വരണോയെന്ന് തീരുമാനിക്കേണ്ടത് അവരാണ്. എന്നാൽ എൻഡിഎ പ്രമുഖനെ തന്നെ ചർച്ചയ്ക്ക് നിയോഗിച്ചത് തരികിടയായി തോന്നി. പിന്നീട് വിശകലനം ചെയ്തപ്പോഴാണ് ബിജെപിയുമായി ചേർന്നു നടത്തിയ നീക്കമായി സംശയം തോന്നിയത്. അതോടെ തീരുമാനം മാറ്റിയെന്ന് സുകുമാരൻ നായർ പറയുന്നു.

എൻഎസ്എസിന് സമദൂരമാണ്. അതു തെറ്റിച്ച് ഒരു പോക്കുമില്ല. താൻ തന്നെയാണ് ഈ തീരുമാനം ഡയറക്ടർ ബോർഡിൽ അറിയിച്ചത്. അതേസമയം വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകിയതിൽ ആക്ഷേപമില്ല. അതു തെറ്റായിപ്പോയി എന്നും പറയുന്നില്ല. ഐക്യത്തിൽ ഇനി പുനർവിചിന്തനം ഇല്ല. എല്ലാ സമുദായങ്ങളുമായും സൗഹാർദ്ദത്തിൽ പ്രവർത്തിക്കുമെന്നും ജി സുകുമാരൻ നായർ പറഞ്ഞു.