ഞങ്ങള്‍ ഒരുമിക്കുന്നത് യുദ്ധം ചെയ്യാനല്ല; എന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു, എല്ലാം ക്ഷമിച്ചു: സുകുമാരന്‍ നായര്‍

സുരേഷ് ഗോപി ജനിച്ച ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്. ബിജെപി ഹൈന്ദവരുടെ കുത്തകയല്ല

author-image
Biju
New Update
vella

കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിന് എന്‍എസ്എസിന് താല്‍പര്യമുണ്ടെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. സംഘടനാപരമായി ഐക്യം ആവശ്യമാണെന്ന് തനിക്ക് തോന്നുന്നുണ്ട്. സംവരണ പ്രശ്‌നത്തില്‍ എസ്എന്‍ഡിപിയുമായി അകന്നുനിന്നു. ഇന്ന് അതൊരു വിഷയമല്ല. ഞങ്ങളുടെ അടിസ്ഥാന മൂല്യങ്ങള്‍ ചോര്‍ന്നുപോകാത്ത രീതിയില്‍ ഐക്യമുണ്ടാക്കാനാണ് ആഗ്രഹിക്കുന്നതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.

''എല്ലാ രാഷ്ട്രീയ പാര്‍ട്ടികളോടും സമുദായങ്ങളോടും സമദൂരമായിരിക്കും. എന്റെ വ്യക്തിപരമായ അഭിപ്രായമാണിത്. എന്‍എസ്എസ് നേതൃത്വമായി സംസാരിച്ച് തീരുമാനിക്കും. മുസ്‌ലിം ലീഗല്ല എസ്എന്‍ഡിപിയുമായുള്ള ഐക്യത്തിനു തടസമായത്. വലിയ തത്വം പറയുന്നവര്‍ സഭാ സിന്നഡ് നടന്നപ്പോള്‍ അവിടെ പോയി അവരുടെ കാലില്‍ വീണു. വര്‍ഗീയതയ്ക്ക് എതിരെ നിലപാട് പറയാന്‍ പ്രതിപക്ഷ നേതാവിന് യാതൊരു യോഗ്യതയുമില്ല. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറഞ്ഞ അദ്ദേഹം എങ്ങോട്ടാ പോയത് ?

എന്നെ വെള്ളാപ്പള്ളി എന്തെല്ലാം പറഞ്ഞിരിക്കുന്നു. പക്ഷെ ഞങ്ങള്‍ എല്ലാം ക്ഷമിച്ചു. ഒരു മഹാപ്രസ്ഥാനത്തിന്റെ കസേരയില്‍ ഇരിക്കുന്നയാളല്ലേ. നമ്മള്‍ അത് പൊറുക്കണം. അദ്ദേഹം തെറ്റ് ചെയ്തില്ലെന്ന് ഞാന്‍ പറയുന്നില്ല. ഞങ്ങള്‍ക്ക് പാര്‍ലമെന്ററി മോഹമൊന്നുമില്ല. യുദ്ധം ചെയ്യാന്‍ ഒന്നുമല്ല ഞങ്ങള്‍ ഒരുമിക്കുന്നത്. സതീശനെ കോണ്‍ഗ്രസ് അഴിച്ചുവിട്ടിരിക്കുകയാണ്. കോണ്‍ഗ്രസിന് പ്രസിഡന്റില്ലേ അവിടെ. എല്ലാം പുള്ളി ചാടി കയറി പറയുന്നത് എന്തിനാണ് ? പ്രസിഡന്റിനെ നോക്കുക്കുത്തിയാക്കി എല്ലാത്തിനും അഭിപ്രായം പറയുകയാണ്.

വെള്ളാപ്പള്ളിയെ കാറില്‍ കയറ്റിയ വിവാദം ബാലിശമാണ്. ഈ പറയുന്നവരൊക്കെ കാര്‍ കാണും മുന്‍പേ സ്വന്തം കാറില്‍ സഞ്ചരിച്ചവനെയാണ് ആക്ഷേപിക്കുന്നത്. ഇങ്ങനെ മുന്നോട്ടുപോയാല്‍ കോണ്‍ഗ്രസിന് അടി കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ രക്ഷിക്കണമെന്ന് പറഞ്ഞ് ഇവിടെ വന്ന് തിണ്ണയില്‍ ഇരുന്ന് നിരങ്ങിയില്ലേ. ഞാന്‍ പറവൂരിലെ യൂണിയന്‍ പ്രസിഡന്റിനെ വിളിച്ചുപറഞ്ഞു ഇദ്ദേഹത്തെ ജയിപ്പിക്കണമെന്ന്. എന്നിട്ടാണ് സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങരുതെന്ന് പറയുന്നത്''  സുകുമാരന്‍ നായര്‍ പറഞ്ഞു.

തൃശൂര്‍ പിടിച്ചതു പോലെ എന്‍എസ്എസ് പിടിക്കാന്‍ സുരേഷ് ഗോപി വരേണ്ടെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. സുരേഷ് ഗോപി ജനിച്ച ശേഷം എന്‍എസ്എസ് ആസ്ഥാനത്ത് കാലുകുത്തിയിട്ടില്ല. ഒരിക്കല്‍ വന്നത് രാഷ്ട്രീയ ലക്ഷ്യവുമായാണ്.  ബിജെപി ഹൈന്ദവരുടെ കുത്തകയല്ല. ശബരിമലയില്‍ ചെയ്ത തെറ്റ് സര്‍ക്കാര്‍ തിരുത്തി. ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തുവെന്നും അദ്ദേഹം ചോദിച്ചു. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായാല്‍ ഞങ്ങള്‍ക്കെന്ത് കിട്ടാനായെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ചെന്നിത്തലയ്ക്കുള്ള യോഗ്യത വേറെ ഏതെങ്കിലും കോണ്‍ഗ്രസ് നേതാവിനുണ്ടോ. അവരാരും യോഗ്യരല്ലെന്നും വരാന്‍ പോകുന്നത് കണ്ടോയെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്, ഭരണത്തില്‍ വരില്ലെന്നാണോ പറയുന്നത് എന്ന ചോദ്യത്തിന് ഇത്തരത്തിലാണ് കൈയ്യിലിരിപ്പെങ്കില്‍ അവര്‍ അനുഭവിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.