/kalakaumudi/media/media_files/2025/07/28/parliament-nun-2025-07-28-12-51-44.jpg)
ഡല്‍ഹി : ഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രതിഷേധം. ഛത്തീസ്ഗഡില്‍ മതപരിവര്‍ത്തനം ആരോപിച്ച് മലയാളി കന്യാസ്ത്രീകള്‍ അറസ്റ്റ് ചെയ്യപ്പെട്ട സംഭവത്തില്‍ കേരള എംപിമാരുടെ അടിയന്തര പ്രമേയ നോട്ടീസുകള്‍ ഇരു സഭകളും തള്ളി. കേരളത്തില്‍ നിന്നുള്ള എംപിമാരാണ് സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. ലോക്‌സഭയില്‍ അടിയന്തര പ്രമേയത്തിനും രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഇരു സഭകളും ആവശ്യം അംഗീകരിച്ചില്ല. ഇതോടെ പ്രതിപക്ഷം പ്രതിഷേധിച്ചതോടെ ഇരു സഭകളും നിര്‍ത്തിവച്ചു.രാവിലെ പാര്‍ലമെന്റ് കവാടത്തില്‍ കേരള എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക്‌സഭ, രാജ്യസഭ അധ്യക്ഷന്മാരുടെ നിലപാട്.കന്യാസ്ത്രീകള്‍ക്ക് എതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.സിസ്റ്റര്‍ പ്രീതിയാണ് ഒന്നാം പ്രതി. സിസ്റ്റര്‍ വന്ദന രണ്ടാം പ്രതിയാണ്. നിര്‍ബന്ധിത മത പരിവര്‍ത്തന നിരോധന നിയമം സെക്ഷന്‍ 4, ബിഎന്‍എസ് 143 എന്നീ കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരെ ചുമത്തിയിരിക്കുന്നത്.