പത്തനംതിട്ട: ചുട്ടിപ്പാറ എസ്എംഇ കോളേജിലെ അവസാന വർഷ നേഴ്സിങ് വിദ്യാർത്ഥിനി അമ്മു സജീവിന്റെ മരണത്തിൽ മൂന്നു സഹപാഠികൾ അറസ്റ്റിൽ. പത്തനാപുരം കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിരിക്കുന്നത്.ഇവരുടെ നിരന്തരമായ മാനസിക പീഡനമാണ് അമ്മുവിൻറെ മരണത്തിനു കാരണമെന്ന് കുടുംബം മൊഴിനല്കിയിരുന്നു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിരുവനന്തപുരം സ്വദേശി അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണു മരിക്കുന്നത്. അപകടം നടന്ന നാൾ മുതൽ ഗുരുതര ആരോപണങ്ങളാണ് കോളേജ് അധികൃതരുടെമേൽ അമ്മുവിൻറെ കുടുംബം ഉന്നയിക്കുന്നത്. അമ്മു കോളേജിൽ നേരിട്ട മാനസിക ശാരീരിക പീഡനങ്ങളിൽ ഒന്നും തന്നെ കോളേജ് അധികൃതർ കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും കുടുംബം.
അമ്മുവിൻറെ മരണശേഷം ഫോൺ തന്റെ കയ്യിൽ കിട്ടുമ്പോൾ ലോക്ക് അഴിച്ച നിലയിലായിരുന്നുവെന്നും തന്റെ സഹോദരി എഴുതിയതാണെന്നു പറയുന്ന " ഐ ക്വിറ്റ് " ന്റെ കയ്യക്ഷരം അമ്മുവിന്റെതല്ലെന്നും സഹോദരൻ. കോളേജ് അധികൃതരുടെ എല്ലാ നിലപാടുകളും തള്ളിയ കുടുംബം അമ്മുവിൻറെ മരണത്തിലെ ദുരൂഹത നീക്കാൻ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് സർക്കാരിനെ സമീപിക്കാനിരിക്കയാണ്.