ഓണം: വിലവർധന, പൂഴ്ത്തിവെപ്പ് തുടങ്ങിയവ തടയാൻ സ്പെഷ്യൽ സ്ക്വാഡ്

ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.

author-image
Shyam Kopparambil
New Update
shop

കൊച്ചി : ഓണത്തോടനുബന്ധിച്ച് പൊതുവിപണിയിൽ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുന്നതിനും വിലക്കയറ്റം ഒഴിവാക്കുന്നതിനുമുള്ള നടപടികൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലാ കളക്ടർ ജി.പ്രിയങ്കയുടെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേർന്നു.

കരിഞ്ചന്ത, പൂഴ്ത്തിവെപ്പ്, ഭക്ഷ്യ സാധനങ്ങളിൽ മായം ചേർക്കൽ, അളവ് തൂക്ക ഉപകരണങ്ങളിലെ തട്ടിപ്പ് എന്നിവ തടയുന്നതിനായി ആറ് വകുപ്പുകളെ ഉൾപ്പെടുത്തി സ്പെഷ്യൽ സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. റവന്യൂ, പൊതു വിതരണം, ലീഗൽ മെട്രോളജി, ഭക്ഷ്യ സുരക്ഷ, തദ്ദേശ സ്വയം ഭരണം, പോലീസ് എന്നീ വകുപ്പിലെ ഉദ്യോഗസ്ഥരാണ് സ്ക്വാഡിലുള്ളത്. ഉത്സവകാലത്തെ വിലക്കയറ്റം സാധാരണക്കാരെയാണ് ഏറ്റവും കൂടുതൽ ബാധിക്കുക. അതിനാൽ സ്ക്വാഡിൻ്റെ പരിശോധന വരും ദിവസങ്ങളിൽ ഊർജിതമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

പെട്രോൾ ബങ്കുകൾ, എൽ.പി.ജി ഏജൻസികൾ, പലചരക്ക്, പച്ചക്കറി മൊത്ത വ്യാപാര, ചില്ലറ വ്യാപാര കേന്ദ്രങ്ങൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ സ്ക്വാഡ് പരിശോധന നടത്തും.

എല്ലാ കടകളിലും, ഹോട്ടലുകളിലും പൊതുജനങ്ങൾക്ക് കാണാവുന്ന വിധത്തിൽ വിലവിവര പട്ടിക പ്രദർശിപ്പിക്കേണ്ടതും, ഉപഭോക്താക്കൾക്ക് നിയമാനുസൃതമുള്ള ബിൽ നൽകേണ്ടതുമാണ്.മൊത്ത വ്യാപാരികൾ സ്റ്റോക്ക്, വിൽപ്പന എന്നിവയുടെ കണക്കുകൾ സൂക്ഷിക്കേണ്ടതാണ്. പ്രദർശിപ്പിച്ചിരിക്കുന്ന സ്റ്റോക്ക് /വില എന്നിവ വിപണി വിവരങ്ങളുമായി പൊരുത്തപ്പെടുകയും വേണം. എല്ലാ മൊത്തവ്യാപാര, ചില്ലറ വിൽപന കേന്ദ്രങ്ങളിലും പർച്ചേസ് ബിൽ കൃത്യമായി സൂക്ഷിക്കണം.

ഓണക്കാലത്തെ പച്ചക്കറി, പലവ്യഞ്ജന സാധനങ്ങൾ എന്നിവയുടെ വർദ്ധിച്ച ആവശ്യകത പരിഗണിച്ച് ലഭ്യത മുൻകൂട്ടി ഉറപ്പുവരുത്തുന്നതിനും അതുവഴി വിലക്കയറ്റം തടയുന്നതിനും വ്യാപാരികൾ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ഇത്തവണത്തെ ഓണത്തിന് സംസ്ഥാനത്ത് നിലവിലുള്ള ഹരിതചട്ടങ്ങൾ പാലിക്കാൻ വ്യാപാരസ്ഥാപനങ്ങൾ ശ്രദ്ധ പുലർത്തണം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിപണിയിൽ എത്തുന്നത് തടയാൻ നടപടി സ്വീകരിക്കണം. നിരോധിത പ്ലാസ്റ്റിക് ഇല, ഗ്ലാസ്, പാത്രം, കട്ലറി എന്നിവ ഒഴിവാക്കണം. മാലിന്യം കൃത്യമായി ഉറവിടത്തിൽ തന്നെ തരംതിരിക്കണമെന്നും യോഗം നിർദേശിച്ചു.കളക്ടറുടെ ചേമ്പറിൽ ചേർന്ന യോഗത്തിൽ ജില്ലാ സപ്ലൈ ഓഫീസർ എസ്. ഒ. ബിന്ദു ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥർ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

kochi