തിരുവനന്തപുരം: ഈ വർഷത്തെ ഓണപ്പരീക്ഷ തീയതികൾ പ്രഖ്യാപിച്ച് വിദ്യാഭ്യാസ വകുപ്പ്. ഓണപ്പരീക്ഷകൾ സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. എട്ടാം ക്ലാസിൽ മിനിമം മാർക്ക് കിട്ടാത്തവർക്ക് ബ്രിഡ്ജ് കോഴ്സ് നടത്തും. കോഴ്സിന് ശേഷം രണ്ടാഴ്ചക്കുള്ളിൽ വീണ്ടും പരീക്ഷ നടത്തും എട്ടാം ക്ലാസിൽ ഈ വർഷം മുതൽ ഓൾ പാസ് സമ്പ്രദായം നിർത്തി മിനിമം മാർക്ക് ഏർപ്പെടുത്തുന്നതിന്റെ ഭഗമായണിതെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.
സ്കൂൾ പരീക്ഷകളിൽ സബ്ജക്റ്റ് മിനിമം നടപ്പാക്കുന്നതിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026 - 27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും സബ്ജക്റ്റ് മിനിമം നടപ്പാക്കാനാണ് തിരുമാനം. നിരന്തര മൂല്യനിർണയത്തിൽ തികഞ്ഞ ജാഗ്രത പുലർത്തുന്നതിനും മെറിറ്റ് മാത്രം പരിഗണിക്കുന്നതിനുമായി പ്രത്യേക മാനദണ്ഡങ്ങൾ പുറപ്പെടുവിക്കും. ഇതിൻറെ ആദ്യ പടിയായി 1 മുതൽ 10 വരെയുളള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കും. സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനാവശ്യമായ പദ്ധതികളും പ്രവർത്തനങ്ങളും ആസൂത്രണം ചെയ്യുന്നതിനായി മേയ് 28 ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ഏകദിന വിദ്യാഭ്യാസ കോൺക്ലേവിലെ നിർദ്ദേശങ്ങൾ നടപ്പാക്കുന്നതിൻറെ ആദ്യപടിയായാണിത്.