തൃശ്ശൂർ കോർപ്പറേഷനിലെ 231 ഭൂരഹിത ഭവനരഹിതർക്ക് 3 സെന്റ് വീതം ഭൂമിയുടെ കൈവശാവകാശരേഖ കൈമാറി മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്തു. 2017 ൽ പ്രസിദ്ധീകരിച്ച ഭൂരഹിത ഭവനരഹിത പട്ടികയിലെ 600 ഗുണഭോക്താക്കളിൽ പട്ടികജാതി ഒഴികെയുള്ള 231 ഗുണഭോക്താക്കൾക്കാണ് ഭൂമി നൽകിയത്.മാടക്കത്തറ പഞ്ചായത്തിലെ മാറ്റാംപുറത്തുള്ള 16.50 ഏക്കർ സ്ഥലത്താണ് ഇപ്പോൾ 3 സെന്റ് വീതം കൈവശാവകാശം നൽകികൊണ്ട് 231 കുടുംബങ്ങൾക്ക് ഭൂമി അനുവദിക്കുന്നത്.
നമ്മുടെ സംസ്ഥാനം ഭവനരഹിതരില്ലാത്ത സംസ്ഥാനം എന്ന ലക്ഷ്യത്തോടെയാണ് ലൈഫ് മിഷൻ പ്രവർത്തനമാരംഭിച്ചത്.2016 ൽ സർക്കാർ അധികാരത്തിലെത്തിയപ്പോൾ സർക്കാർ മുന്നേട്ട് വെച്ച ഏറ്റവും പ്രധാനപ്പെട്ട ക്ഷേമ പദ്ധതി എല്ലാവർക്കും ഭൂമിയും വീടും ലഭ്യമാക്കുക എന്നതാണ്. അതിന്റെ ഭാഗമായി പട്ടയവിതരണം കാര്യക്ഷമമായി നിർവ്വഹിച്ചു. ഇതോടൊപ്പം ലൈഫ് മിഷൻ ആരംഭിച്ചു. കഴിഞ്ഞ 8 വർഷത്തെ കണക്കു പ്രകാരം സംസ്ഥാനത്ത് മൂന്നുലക്ഷത്തി അൻപത്തിയെട്ടായിരത്തിലധികം കുടുംബങ്ങൾക്ക് പട്ടയവും നാലുലക്ഷത്തി ഇരുപത്തി അയ്യായിരത്തിലധികം വീടുകളും നൽകാൻ കഴിഞ്ഞു. ആ പദ്ധതിയുടെ ഭാഗമായാണ് തൃശ്ശൂർ കോർപ്പറേഷനിലെ 231 കുടുംബങ്ങൾക്ക് 3 സെന്റ് വീതം ഭൂമി ലഭ്യമാകുന്നത്.
സംസ്ഥാനത്ത് കഴിഞ്ഞ 3 വർഷങ്ങളിലായി 1,80,887 പട്ടയങ്ങൾ വിതരണം ചെയ്തു. ഒന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 54,535 പട്ടയങ്ങളും രണ്ടാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 67,063 പട്ടയങ്ങളും മൂന്നാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി 31,495 പട്ടയങ്ങളും നാലാം നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി ഇതുവരെ 27,284 പട്ടയങ്ങൾ വിതരണം ചെയ്തു.
സംസ്ഥാനത്ത് ഓരോ നിയോജക മണ്ഡലാടിസ്ഥാനത്തിലും പട്ടയത്തിന് അർഹതയുള്ളതും എന്നാൽ വിവിധ കാരണങ്ങളാൽ പട്ടയം ലഭിക്കാത്തതുമായ ആളുകളുടെ പട്ടിക പ്രത്യേകം തയ്യാറാക്കിക്കൊണ്ടിരിക്കുന്നു. പട്ടിക തയ്യാറായാൽ അദാലത്ത് മാതൃകയിൽ പട്ടയം മിഷൻ വഴി നടപടികൾ സ്വീകരിക്കും. വനഭൂമി, ആദിവാസി പട്ടയങ്ങൾക്ക് പ്രത്യേക പ്രാമുഖ്യം നൽകിക്കൊണ്ട് വിവിധ വകുപ്പുകളുടെ കീഴിൽ ഉപയോഗിക്കാതെ കിടക്കുന്ന ഭൂമി ഏറ്റെടുത്ത് ഭൂരഹിതർക്ക് വിതരണം ചെയ്യുന്നതിനുള്ള പദ്ധതി നടപ്പിലാക്കും. ഭൂമി ലഭ്യമാക്കുന്നതിന് പൊതുവായ പദ്ധതികൾ നടപ്പാക്കുന്നതിനോടൊപ്പം തന്നെ പ്രത്യേക ശ്രദ്ധവേണ്ട വിഭാഗങ്ങൾക്കുള്ള പദ്ധതികൾകൂടി ഇതിനോടൊപ്പം നടപ്പിലാക്കും. കഴിഞ്ഞ 7 വർഷത്തിനുള്ളിൽ ഏഴായിരത്തോളം ആദിവാസികൾക്ക് ഭൂമി ലഭ്യമാക്കി. ശേഷിക്കുന്നവർക്ക് ഭൂമി നൽകുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
തൃശ്ശൂർ മുനിസിപ്പൽ കോർപ്പറേഷനിലെ ഭൂമിയുള്ള ഭവനരഹിതർക്കായി നടപ്പിലാക്കിവരുന്ന പി.എം.എ.വൈ. അർബൻ ലൈഫ് ഭവന പദ്ധതിയിലൂടെ 10 ഡി.പി.ആർ.കളിലായി 2403 ഗുണഭോക്താക്കളാണ് ഉണ്ടായിരുന്നത്. ഇതിൽ 1860 ഗുണഭോക്താക്കൾ ഭവന നിർമ്മാണം പൂർത്തീകരിച്ചു. ബാക്കിയുള്ള 543 ഗുണഭോക്താക്കൾ ഭവന നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. ഭൂമി ആർജ്ജിച്ച ഗുണഭോക്താക്കൾക്ക് പി.എം.എ.വൈ. അർബൻ വഴി തുടർന്നും ഡി.പി.ആറുകളിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകും.