കൊച്ചി: : ഓൺലൈൻ ഷെയർ ട്രേഡിംഗിലൂടെ ലക്ഷങ്ങളുടെ ലാഭം വാഗ്ദാനം ചെയ്ത് കറുകുറ്റി സ്വദേശിയിൽനിന്ന് 56,50,000രൂപ തട്ടിയ കേസിൽ ഒരാൾ അറസ്റ്റിൽ. ദുബായിൽ സ്ഥിരതാമസമാക്കിയ ഗുജറാത്ത് സ്വദേശി കാർത്തിക്ക് നീലകാന്ത് ജാനിനെയാണ് (49) അങ്കമാലി പൊലീസ് അറസ്റ്റുചെയ്തത്.
സുഹൃത്തു നൽകിയ വാട്സ്ആപ്പ് നമ്പർ വഴിയാണ് തട്ടിപ്പിനിരയായ ആൾ പ്രതിയുമായി ബന്ധം സ്ഥാപിച്ചത്. സുഹൃത്തിന് ഷെയർ ഇടപാടിൽ ചെറിയ ലാഭം ലഭിച്ചതായിരുന്നു ലിങ്ക് നൽകാൻ കാരണം. തുടർന്ന് തട്ടിപ്പുസംഘം അയച്ചുകൊടുത്ത ലിങ്കിലൂടെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യാൻ ആവശ്യപ്പെട്ടു. ഇൻസ്റ്റാൾ ചെയ്ത ശേഷം ഓരോ ലെവൽ കഴിയുമ്പോൾ നിക്ഷേപവും ലാഭവും വർദ്ധിക്കുമെന്നായിരുന്നു ഓഫർ. തുടക്കത്തിൽ ചെറിയ തുകകൾ നിക്ഷേപിച്ചു. അതിന് കൃത്യമായി ലാഭവിഹിതം നൽകി. പല അക്കൗണ്ടുകൾ വഴിയാണ് പണം നൽകിയിരുന്നത്. തട്ടിപ്പുസംഘത്തിൽ വിശ്വാസം തോന്നിയ കറുകുറ്റി സ്വദേശി തുടർന്ന് കൂടുതൽ തുക നിക്ഷേപിച്ചു. നിക്ഷേപത്തുകയും കോടികളുടെ ലാഭവും ആപ്പിലെ ഡിസ്‌പ്ളേയിൽ കാണിച്ചുകൊണ്ടേയിരുന്നു. അത് പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സംഘം വൻ തുക ആവശ്യപ്പെട്ടു. തട്ടിപ്പു മനസിലായതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. ശാസ്ത്രീയ അന്വേഷണത്തിനൊടുവിൽ പ്രതിയിലേക്കെത്തുകയായിരുന്നു. സമാന കുറ്റകൃത്യത്തിന് ഇയാൾക്കെതിരെ മുംബെയിൽ 4 കേസുകളുണ്ട്.
ഇൻസ്പെക്ടർ ആർ.വി. അരുൺകുമാർ, എസ്.ഐ കെ.എ. വിൽസൻ, സീനിയർ സി.പി.ഒ എം.ആർ. മിഥുൻ, സി.പി.ഒ മുഹമ്മദ് ഷെറീഫ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.