ഓൺലൈൻ ട്രേഡിംഗ് ചതിക്കുഴി 69 ദിവസം, 64കാരന്റെ 1.64 കോടി നഷ്ടപ്പെട്ടു

കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. 64കാരനിൽ നിന്ന് വെറും 69 ദിവസം കൊണ്ട് തട്ടിയത് ഒരു കോടി 64 ലക്ഷം രൂപ.വ്യാജ ഓൺലൈൻ ട്രേഡിംഗിന്റെ മറവിലായിരുന്നു തട്ടിപ്പ്.

author-image
Shyam Kopparambil
New Update
dsnjashjwej

കൊച്ചി: കൊച്ചിയിൽ വീണ്ടും സൈബർ തട്ടിപ്പ്. 64കാരനിൽ നിന്ന് വെറും 69 ദിവസം കൊണ്ട് തട്ടിയത് ഒരു കോടി 64 ലക്ഷം രൂപ.വ്യാജ ഓൺലൈൻ ട്രേഡിംഗിന്റെ മറവിലായിരുന്നു തട്ടിപ്പ്. സംഭവത്തിൽ മരട് പൊലീസ് അന്വേഷണം തുടങ്ങി. അഞ്ജലി മേത്ത എന്ന യുവതിക്കെതിരെയാണ് കേസ്. കേസ് സൈബർ പൊലീസിന് കൈമാറിയേക്കും.

പൂണിത്തുറ സ്വദേശിയായ ബിസിനസുകാരനാണ് തട്ടിപ്പിന് ഇരയായത്. ജൂൺ 9 മുതൽ സെപ്തംബർ 16 വരെയുള്ള കാലയളവിലായിരുന്നു തട്ടിപ്പ്. സ്വകാര്യ പണമിടപാട് സ്ഥാപനമായ റിലയൻസ് ക്യാപിറ്റലിലെ ജീവനക്കാരിയെന്ന് പരിചയപ്പെടുത്തിയാണ് അഞ്ജലി 64കാരനെ ഫോണിൽ ബന്ധപ്പെടുന്നത്.കെ. 24 വെൽത്ത് ക്രിയേറ്റർ അലൈൻസ് എന്ന് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാക്കി. പിന്നീട് കെ.21 എന്ന കസ്റ്റമർ സർവീസ് ടീം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലും ചേർത്തു. തുടർന്ന് പരാതിക്കാരന്റെ ഫോണിലേക്ക് ആർ.സി.എൽ- പി.എം.എ എന്ന ആപ്പിന്റെ ലിങ്ക് കൈമാറി. ഇത് ഇൻസ്റ്റാൾ ചെയ്യിച്ചാണ് പണം നിക്ഷേപിപ്പിച്ചത്.ആദ്യം കുറച്ച് തുക നിക്ഷേപിച്ചു. കുറച്ച് ദിവസങ്ങൾക്കുള്ളിൽ നല്ലൊരു തുക ലാഭം കിട്ടിയെന്ന് ആപ്പിലൂടെ തിരിച്ചറിഞ്ഞു. തട്ടിപ്പല്ലെന്നും പറഞ്ഞതുപോലെ ലാഭം കിട്ടിയില്ലേയെന്നും പറഞ്ഞു വിശ്വസിപ്പിച്ച് 1.64 കോടി രൂപ പല ദിവസങ്ങളിലായി നിക്ഷേപിപ്പിച്ചു.പണം പിൻവലിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ഇതോടെയാണ് തട്ടിപ്പിൽ വീണുവെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് മരട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു. മരട് എസ്.എച്ച്.ഒയുടെ നേതൃത്വത്തിലാണ് അന്വേഷണം. പണം വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്.

kochi cyber crime