ഉമ്മന്‍ചാണ്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി ഗണേഷ്‌കുമാര്‍

ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഗണേഷ് കുമാര്‍ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും തന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു

author-image
Biju
New Update
ganesh

തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തന്നെ ദ്രോഹിക്കുകയും കുടുംബം തകര്‍ത്ത് സകലതും പിടിച്ചുവാങ്ങി മക്കളെയും തന്നെയും വേര്‍പിരിക്കാന്‍ മധ്യസ്ഥത വഹിക്കുകയും ചെയ്തുവെന്ന് ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. രണ്ടു മക്കളെയും തന്നെയും വേര്‍പിരിച്ചത് ഉമ്മന്‍ ചാണ്ടിയാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ഒരു നല്ല മനുഷ്യനും കുടുംബനാഥനുമായിരുന്നെങ്കില്‍ ഉമ്മന്‍ചാണ്ടി ഞങ്ങളെ യോജിപ്പിക്കുകയാണ് ചെയ്യേണ്ടിയിരുന്നതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. 

നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ കൂട്ടുനില്‍ക്കാത്തതിന്റെ പേരിലാണ് 2003ല്‍ മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്നതെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം മന്ത്രിസ്ഥാനം തിരിച്ചു നല്‍കാമെന്ന് കൊടിക്കുന്നില്‍ സുരേഷിന്റെ സാന്നിധ്യത്തില്‍ ഉമ്മന്‍ചാണ്ടി അച്ഛനോട് സമ്മതിച്ചതാണ്. എന്നിട്ടു പറ്റിക്കുകയായിരുന്നുവെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. 

സോളര്‍ കേസില്‍ വിവാദമായ കത്ത് വിഷയത്തില്‍ ഉമ്മന്‍ചാണ്ടിയുടെ മകനും പുതുപ്പള്ളി എംഎല്‍എയുമായ ചാണ്ടി ഉമ്മന്‍, ഗണേഷ് കുമാറിനെതിരെ കഴിഞ്ഞ ദിവസം രൂക്ഷവിമര്‍ശനം നടത്തിയിരുന്നു. ഗണേഷ് കുമാര്‍ തന്റെ കുടുംബത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ലെന്നും തന്നെ സ്നേഹിച്ചതു പോലെയാണ് ഗണേഷ്‌കുമാറിനെയും അപ്പന്‍ സ്നേഹിച്ചതെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. എന്നിട്ടും സോളര്‍ കേസില്‍ വിവാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞിരുന്നു. ഇതു ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശദീകരണവുമായി ഗണേഷ്‌കുമാര്‍ രംഗത്തെത്തിയത്.

ഉമ്മന്‍ചാണ്ടി തന്നോടു കാണിച്ച മര്യാദകേടിനു മറുപടി പറയണ്ടേ എന്ന് ഗണേഷ്‌കുമാര്‍ ചോദിച്ചു. പറയണ്ട, പറയണ്ട എന്നു വിചാരിക്കുമ്പോള്‍ വായില്‍ വിരലിട്ടാല്‍ കടിക്കാത്തവരുണ്ടോ. അതിന് ഇടവരുത്തരുത്. ഞാന്‍ പഴയ കഥകള്‍ പറയും. എന്റെ കുടുംബം തകര്‍ത്ത്, എന്റെ മക്കളെയും എന്നെയും വഴിയാധാരമാക്കി, രണ്ടു വഴിക്കാക്കിയ ദുഷ്ടത്തരത്തിന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ മറുപടി പറയുമോ. മേലില്‍ ഇതു പറയരുതെന്നും പറഞ്ഞാല്‍ അപകടകരമായിരിക്കുമെന്നും ഗണേഷ്‌കുമാര്‍ മുന്നറിയിപ്പു നല്‍കി. 

''ചെയ്ത ചതികളൊക്കെ എനിക്കും പറയാനുണ്ട്. ആര്, ആരെയാണ് ചതിച്ചതെന്ന് ജനങ്ങള്‍ക്കു മനസിലാകും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കള്ളം പറഞ്ഞ് ജനങ്ങളെ കബളിപ്പിക്കാന്‍ ഇറങ്ങരുത്. കഴിഞ്ഞ തവണ ജഗദീഷ് മത്സരിച്ചപ്പോഴും ഇതു തന്നെ പറഞ്ഞു, എന്നിട്ടെന്തായി. അന്ന് ചാണ്ടി ഉമ്മന്‍ രാഷ്ട്രീയത്തില്‍ ഇല്ല. ഞാന്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചെന്ന് അദ്ദേഹം പറഞ്ഞിട്ടില്ലല്ലോ. ഉമ്മന്‍ ചാണ്ടിയാണ് എന്നെ ചതിച്ചത്. ഞാന്‍ എന്തു കുറ്റം ചെയ്തിട്ടാണ് മന്ത്രിസ്ഥാനം രാജിവയ്പിച്ചത്. എന്റെ പേരില്‍ എന്തു കേസാണുണ്ടായിരുന്നത്. സത്യസന്ധമായി ഞാന്‍ ജീവിച്ചതാണോ പ്രശ്നം. നെല്ലിയാമ്പതിയിലെ വനഭൂമി പതിച്ചുകൊടുക്കാന്‍ തയാറാകാതിരുന്നതു കൊണ്ടാണോ രാജിവയ്ക്കേണ്ടിവന്നത്. ഒരു കുടുംബവഴക്കിന്റെ പേരില്‍ മന്ത്രിസ്ഥാനം രാജിവയ്പ്പിച്ചു. തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിക്കെതിരെ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. സിബിഐ എന്നോടു ചോദിച്ചിരുന്നു. അത് ഞാന്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. 

ഉമ്മന്‍ചാണ്ടി അങ്ങനെയൊന്നും ചെയ്യില്ലെന്നാണ് എന്റെ അച്ഛന്‍ എന്നോടു പറഞ്ഞുവെന്നാണ് സിബിഐയോടു പറഞ്ഞത്. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ എന്നെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ല. ഇപ്പോള്‍ ആരോ പറയുന്നത് കേട്ട് കൂലിത്തല്ലുകാരനായിട്ട് ഇറങ്ങരുത്. അത് ഒഴിവാക്കുന്നതാണ് നല്ലത്.  കൂടുതല്‍ പറയിപ്പിക്കരുത് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് അന്തസിനു നിരക്കുന്നതല്ല. ചാണ്ടി ഉമ്മന്‍ മത്സരിച്ചപ്പോള്‍ പുതുപ്പള്ളിയില്‍ ഞാന്‍ എന്തെങ്കിലും വഷളത്തരം പ്രസംഗിച്ചിരുന്നോ. മുന്‍മുഖ്യമന്ത്രി കെ.കരുണാകരനെയും ഭാര്യയെയും ഉള്‍പ്പെടെ ചീത്ത പറഞ്ഞ ആള്‍ ഇപ്പോള്‍ എവിടെയാണ് കിടക്കുന്നതെന്ന് എല്ലാവര്‍ക്കും അറിയാം. അന്ന് അതിനെതിരെ പറയാന്‍ ഇടതുമുന്നണിയില്‍ നില്‍ക്കുന്ന ഗണേഷ്‌കുമാര്‍ മാത്രമാണ് ഉണ്ടായിരുന്നത്. തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ ക്രിസ്ത്യന്‍ വിഭാഗത്തെ എനിക്കെതിരെ തിരിച്ചുവിടാനുള്ള ഗൂഢതന്ത്രമാണ് ചാണ്ടി ഉമ്മന്റേത്''  ഗണേഷ് കുമാര്‍ പറഞ്ഞു.