/kalakaumudi/media/media_files/2025/10/17/dq-2025-10-17-19-32-09.jpg)
കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനം നടന്‍ ദുല്‍ഖര്‍ സല്‍മാന് വിട്ടു നല്‍കി. ദുല്‍ഖറിന്റെ അപേക്ഷ പരിഗണിച്ച് കസ്റ്റംസ് അഡീഷനല്‍ കമ്മിഷണറാണ് വാഹനം വിട്ടു നല്‍കിയത്. ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ വാഹനമാണ് വിട്ടു നല്‍കിയതെന്ന് മനോരമ ഓണ്‍ലൈന്‍ റിപ്പോര്‍ട്ടു ചെയ്തു. വാഹനത്തിന്റെ ഉടമസ്ഥത മാറ്റരുത്, രൂപമാറ്റം വരുത്തരുത് തുടങ്ങിയ ഉപാധികളോടെയാണ് വാഹനം വിട്ടു നല്‍കിയതെന്നാണ് വിവരം.
ദുല്‍ഖര്‍ സല്‍മാന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി നേരത്തെ കസ്റ്റംസിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതു പ്രകാരം അഭിഭാഷകന്‍ മുഖേന കഴിഞ്ഞ ദിവസം ദുല്‍ഖര്‍ കസ്റ്റംസിന് അപേക്ഷ നല്‍കിയിരുന്നു. കസ്റ്റംസ് നിയമത്തിലെ സെക്ഷന്‍ 110 എ പ്രകാരം അന്വേഷണ പരിധിയിലുള്ള വാഹനങ്ങള്‍ ഉടമകള്‍ക്ക് വിട്ടു നല്‍കാന്‍ കഴിയും. വാഹനം വിട്ട് നല്‍കുന്നില്ലെങ്കില്‍ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
ഭൂട്ടാന്‍ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുല്‍ഖര്‍ ഉള്‍പ്പെടെ താരങ്ങളുടെ വീട്ടില്‍ റെയ്ഡ് നടത്തിയിരുന്നു. തുടര്‍ന്ന് ദുല്‍ഖറിന്റെ ഡിഫന്‍ഡര്‍, ലാന്‍ഡ് ക്രൂയിസര്‍, നിസ്സാന്‍ പട്രോള്‍ വാഹനങ്ങള്‍ പിടിച്ചെടുക്കുകയായിരുന്നു. ദുല്‍ഖറിനെതിരെ കസ്റ്റംസ് ഹൈക്കോടതിയില്‍ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചെങ്കിലും ഡിഫന്‍ഡര്‍ വിട്ടുനല്‍കുന്നത് പരിഗണിക്കണമെന്നായിരുന്നു ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയത്. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ഭൂട്ടാനില്‍ നിന്നു കടത്തിയതെന്നു സംശയിക്കുന്ന 43 വാഹനങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. ഇതില്‍ 39 എണ്ണം വിട്ടുകൊടുത്തു. 4 വാഹനങ്ങളാണ് ഇനി കസ്റ്റംസിന്റെ പക്കലുള്ളതെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, അമിത് ചക്കാലക്കല്‍ എന്നിവരുടെ വീടുകളിലും കാര്‍ ഡീലര്‍മാരുടെ ഓഫീസ്, ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേഫെറര്‍ ഫിലിംസ് എന്നിവിടങ്ങളിലും അടുത്തിടെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പരിശോധന നടത്തിയിരുന്നു.