ഓപ്പറേഷന്‍ നുംഖോര്‍; ദുല്‍ഖറിന്റെ കാര്‍ പിടിച്ചെടുത്തു

ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിന്റെ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്

author-image
Biju
New Update
dq

കൊച്ചി: ഓപ്പറേഷന്‍ നുംഖോറിന്റെ ഭാഗമായി നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു കാര്‍ കൂടി കസ്റ്റംസ് പിടിച്ചെടുത്തു. നിസാന്‍ പട്രോള്‍ വൈ60 കാര്‍ ആണ് പിടിച്ചെടുത്തത്. എറണാകുളം വെണ്ണലയിലെ ബന്ധുവീട്ടില്‍ നിന്നാണ് വാഹനം കണ്ടെത്തിയത്.

ചുവന്ന നിറത്തിലുള്ള വാഹനമാണ് കസ്റ്റംസ് പിടിച്ചെടുത്തത്. കാറിന്റെ നമ്പര്‍ പ്ലേറ്റ് അഴിച്ചുമാറ്റിയ നിലയിലായിരുന്നെന്നാണ് കസ്റ്റംസ് പറയുന്നത്. ഇതിന്റെ രേഖകളടക്കം ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയാണ്. കഴിഞ്ഞദിവസം ഒരു വാഹനം ദുല്‍ഖറിന്റെ വീട്ടില്‍നിന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ദുല്‍ഖറിന്റെ മൂന്ന് വാഹനങ്ങള്‍ കൂടി കണ്ടെത്താനുണ്ടെന്നും കസ്റ്റംസ് പറഞ്ഞിരുന്നു.

കഴിഞ്ഞദിവസം ഓപ്പറേഷന്‍ നുംഖോറുമായി ബന്ധപ്പെട്ട് ദുല്‍ഖറിന്റേതു കൂടാതെ അമിത് ചക്കാലക്കലിന്റെ വീട്ടിലും കസ്റ്റംസ് പരിശോധന നടത്തുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. പൃഥ്വിരാജിന്റെ വീട്ടിലും പരിശോധന നടത്തിയിരുന്നു. അമിത് ചക്കാലക്കിനെ രണ്ട് തവണ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തു. മൂവാറ്റുപുഴ സ്വദേശിയുടെ വാഹനവും കസ്റ്റംസ് പിടിച്ചെടുക്കുകയും ഇയാളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.

വാഹനം പിടിച്ചെടുത്തതിനെതിരെ നടന്‍ ദുല്‍ഖര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നിയമനടപടികള്‍ പൂര്‍ത്തിയാക്കിയാണ് വാഹനം വാങ്ങിയതെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍, വാഹനം വിട്ടുകിട്ടണമെന്നും താരം ആവശ്യപ്പെട്ടിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ രേഖകള്‍ പരിശോധിച്ചില്ലെന്നും മുന്‍വിധിയോടെ പെരുമാറിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

ലഭിച്ച രേഖകളുടെ അടിസ്ഥാനത്തില്‍ വാഹനത്തിന് സാധുവായ ഉടമസ്ഥാവകാശവും രജിസ്ട്രേഷനുമുണ്ടെന്നും വിശ്വസിച്ചാണ് വാഹനം വാങ്ങിയതെന്നും കൃത്യമായ രേഖകള്‍ പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തതെന്നും ഹര്‍ജിയില്‍ പറയുന്നു.

dulquer salmaam