ഓപ്പറേഷൻ സൈ ഹണ്ട്: 263 പേർ അറസ്റ്റിൽ

സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള കേരള പൊലീസിന്റെ 'ഓപ്പറേഷൻ സൈ ഹണ്ടി"ൽ 382 കേസുകളിലായി അറസ്റ്റിലായത് 263 തട്ടിപ്പുകാർ.

author-image
Shyam
New Update
Crime

കൊച്ചി: സാമ്പത്തിക സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ കണ്ടെത്താനുള്ള കേരള പൊലീസിന്റെ 'ഓപ്പറേഷൻ സൈ ഹണ്ടി"ൽ 382 കേസുകളിലായി അറസ്റ്റിലായത് 263 തട്ടിപ്പുകാർ. സംശയാസ്പദ സാമ്പത്തിക ഇടപാടുകൾ നടത്തിയ 72 പേരെ കസ്റ്റഡിയിലെടുത്ത് വിവരങ്ങൾ ശേഖരിച്ചു. നോട്ടീസ് നൽകി വിട്ടയച്ച 125 പേർ നിരീക്ഷണത്തിൽ തുടരും.

ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് വരെ നടത്തിയ റെയ്ഡിൽ 300 കോടി രൂപയുടെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കണ്ടെത്തിയതായി എ.ഡി.ജി.പി എസ്. ശ്രീജിത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സിറ്റി, റൂറൽ പൊലീസ് ജില്ലകളിലായി 66 കേസുകളിലായി 35 പേർ അറസ്റ്റിലായി. എറണാകുളം റൂറൽ,​ സിറ്റി ജില്ലകളിലായി 46 പേർ അറസ്റ്റിലായി. ആലപ്പുഴയിൽ 50 കേസുകളിൽ പിടിയിലായത് 21 പ്രതികൾ. കാസർകോ‌‌ട് 40 കേസുകളിലായി അഞ്ച് പ്രതികൾ അറസ്റ്റിലായപ്പോൾ മലപ്പുറത്ത് 30 കേസുകളിലായി 30 പേർ പിടിയിലായി.

നീക്കം പരമരഹസ്യം

നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിലെ കണക്കുകൾ പരിശോധിച്ചാണ് ഓപ്പറേഷൻ സൈ ഹണ്ടിന് പദ്ധതിയിട്ടത്. മൂന്നു മാസത്തെ മുന്നൊരുക്കം ഇന്നലെ റെയ‌്ഡ് നടക്കുന്നതുവരെ പരമരഹസ്യമായി സൂക്ഷിച്ചു. സംശയാസ്പദമായ 2683 ചെക്ക് ഇടപാടുകൾ, 361 എ.ടി.എം ഇടപാടുകൾ, വാടക അക്കൗണ്ടുകളെന്ന് സംശയിക്കുന്ന 665 ഇടപാടുകൾ എന്നിവയുടെ വിവരങ്ങളാണ് ലഭ്യമായത്. മ്യൂൾ അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള പ്രാഥമിക അന്വേഷണം 382 കേസുകളിലേക്ക് നയിച്ചു. ഇരകളിൽ അന്യസംസ്ഥാനക്കാരും ഉൾപ്പെട്ടതായി എ.ഡി.ജി.പി പറഞ്ഞു. കംബോഡിയ മുതലായ രാജ്യങ്ങളിലും തട്ടിപ്പ് സംഘത്തിന് കണ്ണികളുണ്ട്. സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് തട്ടിപ്പ് പ്രമോട്ട് ചെയ്യുന്നത്.

kochi