/kalakaumudi/media/media_files/2024/10/26/NjKDmo9XwLFYtfVFIy6c.jpg)
പാലക്കാട്: സി.പി.എം. ഏരിയാകമ്മിറ്റി അംഗം അബ്ദുൾ ഷുക്കൂർ സൃഷ്ടിച്ച പിരിമുറുക്കത്തിലായിരുന്നു വെള്ളിയാഴ്ച പകൽ മുഴുവൻ പാലക്കാട്. ഓട്ടോ-ടാക്‌സി ടെമ്പോ ഡ്രൈവേഴ്‌സ് യൂണിയൻ ജില്ലാ ഖജാൻജിയും മുൻ നഗരസഭാകൗൺസിലറുമായ അബ്ദുൾ ഷുക്കൂർ സാമൂഹികമാധ്യമത്തിലിട്ട കുറിപ്പാണ് എല്ലാത്തിനും തുടക്കമിട്ടത്. അതോടെ രാഷ്ട്രീയവൃത്തങ്ങളിൽ 'ഓപ്പറേഷൻ ഷുക്കൂറിന്' തുടക്കമായി. ശ്രമങ്ങൾക്കൊടുവിൽ ഷുക്കൂറിനെ പിടിച്ചുനിർത്തുന്നതിൽ സി.പി.എം. വിജയിച്ചു.
സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസ് ഷുക്കൂറിനെ തോളിൽ കൈയിട്ട് ചേർത്തുപിടിച്ച് പ്രസന്നലക്ഷ്മി കല്യാണമണ്ഡപത്തിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലെത്തിച്ചു. അഭിനയിക്കുന്നവർ അരങ്ങുവാഴുന്ന കാലത്ത് ആത്മാർഥതയ്‌ക്കെന്ത് വില, ആട്ടും തുപ്പുമേറ്റ് എന്തിന് ഇതിൽ നിൽക്കണം, ഇനിയില്ല, ഈ കൊടിക്കൊപ്പം എന്നതുൾപ്പെടെ നാല് കുറിപ്പുകളാണ് അബ്ദുൾ ഷുക്കൂർ സാമൂഹികമാധ്യമത്തിൽ പങ്കിട്ടത്.
പ്രാദേശിക കോൺഗ്രസ് നേതാക്കൾ ഇതിനിടയിൽ ഷുക്കൂറിനെ സമീപിച്ചു. ഷുക്കൂർ നിലപാട് വ്യക്തമാക്കിയാൽ സ്വീകരിക്കുമെന്ന് ഡി.സി.സി. പ്രസിഡന്റ് എ. തങ്കപ്പനുൾപ്പെടെ വ്യക്തമാക്കി. ദേശീയസമിതി അംഗം എൻ. ശിവരാജന്റെ നേതൃത്വത്തിൽ ബി.ജെ.പി. നേതാക്കളും രംഗത്തെത്തി. ശിവരാജൻ ഷുക്കൂറിന്റെ വീട്ടിലെത്തി. ഷുക്കൂർ കൂടെവന്നാൽ ചുവപ്പ് പരവതാനി വിരിച്ച് കാവിഷാളണിയിച്ച് സ്വീകരിക്കുമെന്നായിരുന്നു ശിവരാജന്റെ പ്രഖ്യാപനം. ഈ സമയത്തൊന്നും ഷുക്കൂർ വീട്ടിലുണ്ടായിരുന്നില്ല. മൊബൈൽ ഫോൺ സ്വിച്ച് ഓഫായിരുന്നു.
സി.പി.എം. സംസ്ഥാനകമ്മിറ്റി അംഗം എൻ.എൻ. കൃഷ്ണദാസും ഷുക്കൂറിന്റെ വെണ്ണക്കരയിലെ വീട്ടിലെത്തി. ഇതിനിടയിൽ ഷുക്കൂർ വൈകീട്ട് തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമെന്ന് സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ഉറപ്പിച്ച് പറയുകയും ചെയ്തു. ചാനലുകളിൽ പാലക്കാട്ട് സി.പി.എമ്മിൽ പൊട്ടിത്തെറിയെന്ന വാർത്തകൾ വന്നു. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ വാക്കുകളിൽ മനംമടുത്താണ് ഷുക്കൂർ പാർട്ടി വിട്ടതെന്ന വിവരണങ്ങളും പുറത്തുവന്നു.