ഓപ്പറേഷൻ സിന്ധു: 67 മലയാളികൾ നാട്ടിലെത്തി

ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യ സംഘം കൈക്കൊണ്ടത്.

author-image
Shibu koottumvaathukkal
New Update
Screenshot_20250628_080743_PRD Live

കോഴിക്കോട് : ഇസ്രായേല്‍- ഇറാന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ നിന്നും ഇന്ത്യന്‍ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നേതൃത്വത്തിലുളള ഓപ്പറേഷന്‍ സിന്ധുവിന്റെ ഭാഗമായി ഡല്‍ഹിയിലെത്തിയ 67 കേരളീയരെയാണ് സംസ്ഥാന സർക്കാരിൻ്റെ കരുതലിൽ നാട്ടിലെത്തിച്ചത്. ഡല്‍ഹിയിലെത്തിക്കുന്ന കേരളീയര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്താന്‍ നേരത്തേ മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള ഹൗസിലെ റസിഡന്റ് കമ്മിഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ന്യൂഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലും പാലം എയർപോർട്ടിലും എത്തിച്ചേർന്നവരെ കേരളത്തിലെ എയർപോർട്ടിലെത്തിക്കുന്നതിനുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യ സംഘം കൈക്കൊണ്ടത്. കേരളത്തിലേക്ക് പോകുന്നതിനുള്ള വിമാനയാത്രാ ടിക്കറ്റും ഭക്ഷണവും വാഹന സൗകര്യവും ഒരുക്കിയാണ് സംസ്ഥാന സര്‍ക്കാര്‍ ദൗത്യസംഘം സംഘര്‍ഷമേഖലയിൽ നിന്നും എത്തിച്ചേർന്നവരെ സ്വീകരിച്ചത്.

ഒഴിപ്പിക്കൽ നടപടികളിലൂടെ ഡൽഹിയിൽ എത്തിച്ചേര്‍ന്ന ഇന്ത്യന്‍പൗരന്മാരില്‍ 88 പേര്‍ കേരളത്തില്‍ നിന്നുളളവരാണ്. ഇതിൽ 21 പേർ ഇറാനിൽ നിന്നും 67 പേർ ഇസ്രയേലിൽ നിന്നുമായിരുന്നു. ഇറാനിൽ നിന്നെത്തിയ 17 പേരെയും ഇസ്രായേലിൽ നിന്നെത്തിയ 50 പേരെയുമുൾപ്പെടെ മൊത്തം 67 പേരെയാണ് സംസ്ഥാന സർക്കാരിന്റെ കരുതലിൽ കേരളത്തിലെത്തിച്ചത്. 21 പേർ സ്വന്തം നിലയിൽ ഡൽഹിയിൽ നിന്നും നാട്ടിലേക്ക് മടങ്ങി. 67 കേരളീയരില്‍ 38 പേര്‍ കൊച്ചിയിലും, 18 പേര്‍ കേഴിക്കോടും, ആറു പേര്‍ തിരുവനന്തപുരത്തും അഞ്ച് പേര്‍ കണ്ണൂര്‍ വിമാനത്താവളങ്ങളി ലുമാണെത്തിയത്.

നോര്‍ക്ക റൂട്ട്സ് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളില്‍ നിന്നുളള പ്രതിനിധികള്‍ വിമാനത്താവളങ്ങളിലെത്തി തിരിച്ചെത്തുന്നവരെ സ്വീകരിച്ച് വീടുകളിലേയ്ക്ക് യാത്രയാക്കി. ന്യൂഡൽഹി കേരള ഹൗസിലെ അഡീഷണൽ റസിഡൻ്റ് കമ്മീഷണർ ചേതൻ കുമാർ മീണ, എന്‍. ആര്‍.കെ ഡവലപ്മെന്റ് ഓഫീസർ ഷാജിമോന്‍.ജെ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ടീം രൂപീകരിച്ചാണ് ഇവാക്വേഷേൻ പ്രവർത്തനങ്ങൾ സംസ്ഥാന സര്‍ക്കാര്‍ ഏകോപിപ്പിച്ചത്.

kerala operation sindhu