അതിവേഗ റെയിലിന് പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ

അതിവേഗ റെയിൽപദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആർസി മുൻ ഉപദേഷ്ടാവ് ഇ ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു

author-image
Devina
New Update
vd satheeshan

കൊച്ചി : അതിവേഗ റെയിലിനെ പിന്തുണച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. എന്തായാലും അതിവേഗ റെയിൽ വരട്ടെ. സിൽവർ ലൈനിനെ യുഡിഎഫ് എതിർത്തത് പാരിസ്ഥിതികവും സാമ്പത്തികവുമായ വിഷയത്തിന്റെ പേരിലാണ്. അതിന് പ്രോപ്പറായ ഡിപിആർ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം.

 കെ റെയിലിനെ എതിർത്തു എന്നതിന് അർത്ഥം കേരളത്തിൽ വേഗത്തിൽ സഞ്ചരിക്കുന്ന ട്രെയിൻ വേണ്ട എന്നല്ലെന്നും വിഡി സതീശൻ പറവൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.അതിവേഗ സഞ്ചാരത്തിനായി ബദലുകൾ പരിശോധിക്കട്ടെ. തെരഞ്ഞെടുപ്പ് അടുത്തതുകൊണ്ട്. ഇവർ റെയിലു കൊണ്ടുവരാൻ പോകുന്നു എന്നു പറഞ്ഞു ആളുകൾ ബിജെപിക്ക് വോട്ടു ചെയ്യുമോ?. അങ്ങനെയൊന്നുമില്ല.

അതി വേഗ റെയിലിന്റെ പ്രൊപ്പോസൽ വരട്ടെ. ഡിപിആർ തയ്യാറാക്കട്ടെ. കാലാവസ്ഥ വ്യതിയാനം വളരെ പ്രധാനപ്പെട്ട ഘടകമായതിനാൽ, കേരളത്തിൽ ഇത്തരം പദ്ധതികൾ കൊണ്ടുവരുമ്പോൾ പാരിസ്ഥിതിക ആഘാത പഠനം വേണം. സിൽവർ ലൈൻ തട്ടിക്കൂട്ട് പദ്ധതിയാണ്. 30 അടി ഉയരത്തിൽ എംബാഗ്മെന്റ് പണിതുവെച്ചാൽ കേരളം എവിടെപ്പോകും?. വിഡി സതീശൻ ചോദിച്ചു.

യുഡിഎഫ് സബ് കമ്മിറ്റി, വളരെ വിശദമായി വിദഗ്ധരുമായി പഠനം നടത്തിയശേഷമാണ്, കെ റെയിൽ കേരളത്തിൽ പ്രായോഗികമല്ല എന്നു പറഞ്ഞത്. അതിപ്പോൾ ശരിയായില്ലേ. സർക്കാർ തന്നെ അതുപേക്ഷിച്ചിരിക്കുകയാണ്. യുഡിഎഫ് സമരം ചെയ്തത് അതിവേഗ റെയിൽ വേണ്ട എന്നുള്ളതുകൊണ്ടല്ല. ഏതു നല്ല നിർദേശത്തെയും യുഡിഎഫ് സ്വാഗതം ചെയ്യും. തിരുവനന്തപുരം മുതൽ എറണാകുളം വരെ നിരവധി വളവുകളുണ്ട്. ആ വളവുകൾ നിവർത്തിയാൽ നിലവിലുള്ള പാതയുടെ കൂടെത്തന്നെ ഡബിൾ റെയിൽ ലൈൻ പണിയണം. അങ്ങനെ വേഗത്തിൽ സഞ്ചരിക്കാനാകും.

നമുക്ക് സ്പീഡ് റെയിൽ വേണം. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനവും വേണമെന്ന് പ്രതിപക്ഷ നേതാവ് കൂട്ടിച്ചേർത്തു.അതിവേഗ റെയിൽപാതയ്ക്കെതിരെയും ശക്തമായ സമരം നടത്തുമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെപിസിസി അധ്യക്ഷനുമായ കെ സുധാകരൻ ഇന്നലെ പറഞ്ഞത്.

ജനങ്ങൾക്ക് ഉൾക്കൊള്ളാൻ ആകാത്ത വികസനം നാടിന് ആവശ്യമില്ല. അതിവേഗ റെയിൽപാത വന്നാൽ ഉണ്ടാകുന്ന പ്രയാസം ചെറുതല്ല. കെ റെയിലിൽ പദ്ധതിയെ ഒരു നാട് മുഴുവൻ എതിർത്തതാണെന്നും കെ സുധാകരൻ പറഞ്ഞു. അതിവേഗ റെയിൽപദ്ധതിയുമായി ബന്ധപ്പെട്ട് കേന്ദ്ര റെയിൽവേമന്ത്രി അശ്വിനി വൈഷ്ണവും ഡിഎംആർസി മുൻ ഉപദേഷ്ടാവ് ഇ ശ്രീധരനും തമ്മിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.