'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കത്ത് നൽകി

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഈ ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നു.പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടത്

author-image
Devina
New Update
vdddddd

തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയേ' എന്ന പാരഡി ഗാന വിവാദത്തിനിടെ ഫേസ്ബുക്ക് കമ്പനിയായ മെറ്റയ്ക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്.

 ഗാനത്തിന്റെ ലിങ്കുകള്‍ സമൂഹമാധ്യമങ്ങളില്‍ നിന്നും നീക്കം ചെയ്യണമെന്ന പൊലീസ് നിര്‍ദേശം നടപ്പാക്കരുതെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ ആവശ്യം.

കോടതിയുടെ നിര്‍ദ്ദേശം ഇല്ലാത്ത സാഹചര്യത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് ഗാനം നീക്കം ചെയ്യുന്നത് മൗലികാവകാശങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ നേതാവിന്റെ ഇടപെടല്‍.

ശബരിമല സ്വര്‍ണ്ണക്കൊള്ള ആരോപണങ്ങളുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയ ഈ ഗാനത്തിനെതിരെ തിരുവനന്തപുരം സൈബര്‍ പോലീസ് കേസെടുത്തിരുന്നു.

പിന്നാലെയാണ് ലിങ്കുകള്‍ നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളോട് പൊലീസ് ആവശ്യപ്പെട്ടത്.

 എന്നാല്‍ പൊലീസ് നീക്കം അംഗീകരിക്കാന്‍ ആകില്ലെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്.

ഗാനം നീക്കം ചെയ്യാന്‍ നിലവില്‍ ഒരു കോടതി വിധിയോ നിയമപരമായ ഉത്തരവോ ഇല്ല എന്നാണ് മെറ്റയ്ക്ക് അയച്ച കത്തില്‍ പ്രതിപക്ഷ നേതാവ് വ്യക്തമാക്കുന്നത്.

പാരഡികളും ആക്ഷേപഹാസ്യങ്ങളും ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഭാഗമാണ്.

വ്യക്തമായ നിയമലംഘനം ഇല്ലാത്ത പക്ഷം ഇത്തരം കലാപരമായ സൃഷ്ടികളെ തടയാനാകില്ല. പൊലീസിന്റെയോ സര്‍ക്കാരിന്റെയോ താത്പര്യപ്രകാരം ഉള്ളടക്കം നീക്കം ചെയ്യുന്നത് ജനാധിപത്യപരമായ കീഴ്വഴക്കമല്ല.

ഇത്തരം നടപടികള്‍ സെന്‍സര്‍ഷിപ്പിന് തുല്യമാണ്. കോടതിയുടെ കൃത്യമായ നിര്‍ദേശമില്ലാതെ അല്ലെങ്കില്‍ മെറ്റയുടെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡുകള്‍ ലംഘിക്കുന്നില്ലെങ്കില്‍ ലിങ്കുകള്‍ നീക്കം ചെയ്യരുതെന്ന് വി ഡി സതീശന്‍ മെറ്റയോട് അഭ്യര്‍ത്ഥിച്ചു.