കണ്ണൂർ നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഉത്തരവ് 29 ന്. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹർജി വിധിപറയാൻ മാറ്റിയത്. നവീൻ ബാബുവിൻ്റെ മരണത്തിൽ തനിക്കെതിരായ ആരോപണങ്ങൾ അടിസ്‌ഥാനരഹിതമാണെന്നാണ് പിപി ദിവ്യ കോടതിയിൽ വാദിച്ചത്. അഴിമതിക്കെതിരെ എപ്പോഴും നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് താൻ എന്നും ദിവ്യ പറഞ്ഞു.
പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷക്കെതിരെ ശക്തമായ വാദങ്ങളുമായാണ് പ്രൊസിക്യൂഷൻ എത്തിയത്. ദിവ്യ നടത്തിയത് വ്യക്തിഹത്യയാണെന്നും ഭീഷണി സ്വരത്തിലാണ് സംസാരിച്ചതെന്നും മാധ്യമങ്ങളെ വിളിച്ച് വരുത്തി ദൃശ്യങ്ങൾ റെക്കോർഡ് ചെയ്തത് ആസൂത്രിതമായാണെന്നും പ്രോസിക്യൂഷൻ പറഞ്ഞു. മരിച്ചത് ജില്ലാ ഭരണകൂടത്തിലെ രണ്ടാം സ്ഥാനത്തുള്ള ഉദ്യോഗസ്ഥനാണെന്നത് പ്രധാനമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു.
വ്യക്തിഹത്യയാണ് മരണകാരണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞപ്പോൾ എതിർപ്പറിയിച്ച പ്രതിഭാഗത്തോട്, ഒന്നര മണിക്കൂർ സംസാരിച്ചില്ലേ, ഇനി അൽപ്പം കേൾക്കൂ എന്ന് കോടതി ആവശ്യപ്പെട്ടു. യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് കളക്ടറുടെ മൊഴി പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിവ്യയുടെ പ്രസംഗം വ്യക്തമായ ഭീഷണി സ്വരത്തിലായിരുന്നു. രണ്ട് ദിവസം കൊണ്ട് എല്ലാം വ്യക്തമാകുമെന്ന് പറഞ്ഞത് ഇതിൻ്റെ അടിസ്ഥാനത്തിലാണ്.
മാധ്യമങ്ങളെ വിളിച്ച് വരുത്തിയ ദിവ്യ പ്രസംഗം റെക്കോർഡ് ചെയ്യാൻ പറഞ്ഞത് ആസൂത്രിതമാണ്. ചിത്രീകരിച്ച ദൃശ്യങ്ങൾ ദിവ്യ ചോദിച്ച് വാങ്ങി. സ്റ്റാഫ് കൗൺസിലിൻ്റെ പരിപാടിയിൽ ദിവ്യക്ക് പങ്കെടുക്കേണ്ട കാര്യമില്ല. കളക്ടറോട് എഡിഎമ്മിനെ കുറിച്ച് ദിവ്യ രാവിലെ തന്നെ പരാതി പറഞ്ഞിരുന്നു. അഴിമതി ആരോപണം പൊതുപരിപാടിയിൽ ഉന്നയിക്കരുതെന്ന് ആവശ്യപ്പെട്ടതായി കളക്ടറുടെ മൊഴിയുണ്ട് എന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.