/kalakaumudi/media/media_files/2025/01/24/8YfUw3KYt8l2zYyIqS7T.jpg)
മാനന്തവാടി: വയനാട് പഞ്ചാരകൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊലപ്പെടുത്തിയ നരഭോജി കടുവയെ വെടിവച്ചുകൊല്ലാന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പ്രമോദ് ജി കൃഷ്ണന്‍ ഉത്തരവ് പുറപ്പെടുവിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എസ്.ഒ.പി. പ്രകാരം പ്രത്യേക സമിതി രൂപീകരിച്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. സമിതി യോഗം ചേര്‍ന്ന് ശുപാര്‍ശ ചെയ്തത് കണക്കിലെടുത്താണ് ഉത്തരവ് പുറപ്പെടുവിച്ചത്. കൂട് സ്ഥാപിച്ച് കടുവയെ പിടിക്കാനോ മയക്കുവെടിവെച്ച് പിടിച്ച് ജനവാസമേഖലയല്ലാത്ത പ്രദേശത്തേക്ക് മാറ്റുകയോ ചെയ്യാന്‍ സാധിക്കുന്നില്ലെങ്കില്‍ വെടിവയ്ക്കാമെന്നാണ് ഉത്തരവില്‍ പറയുന്നത്.
മാനന്തവാടി നഗരസഭയിലെ പഞ്ചാരക്കൊല്ലിയില്‍ വനമേഖലയോടു ചേര്‍ന്നാണ് ആദിവാസി യുവതി കൊല്ലപ്പെട്ടത്. പഞ്ചാരക്കൊല്ലി സ്വദേശി രാധയാണ് മരിച്ചത്. വനംവകുപ്പ് താല്‍ക്കാലിക വാച്ചറായ അച്ചപ്പന്റെ ഭാര്യയാണ് മരിച്ച രാധ. കാപ്പി പറിക്കാന്‍ സ്വകാര്യ തോട്ടത്തിലേക്കു പോകുന്നതിനിടെയാണു രാധയെ കടുവ കൊന്നതെന്നാണു വിവരം. നൂറ് മീറ്ററോളം രാധയുടെ മൃതദേഹം കടുവ വലിച്ചുകൊണ്ടു പോയി. പകുതി ഭക്ഷിച്ച നിലയിലാണ് വനത്തോടു ചേര്‍ന്നു തണ്ടര്‍ബോള്‍ട്ട് സംഘം മൃതദേഹം കണ്ടെത്തുന്നത്. നരഭോജി കടുവയെ പിടികൂടാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിട്ടുണ്ട്. രാധയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിന് സമീപത്തുതന്നെയാണ് കൂട് സ്ഥാപിച്ചിരിക്കുന്നത്.
നരഭോജി കടുവയെ വെടിവെച്ച് കൊല്ലണമെന്നാവശ്യപ്പെട്ട് വലിയ പ്രതിഷേധമാണ് സംഭവസ്ഥലത്തുയര്‍ന്നത്. മാനന്തവാടിയിലെ ഡി.എഫ്.ഒ ഓഫീസിലേക്ക് യു.ഡി.എഫ് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. വന്യജീവി ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ പാലിക്കപ്പെടുന്നില്ലെന്ന് ആരോപിച്ച് നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ശനിയാഴ്ച മാനന്തവാടി നഗരസഭയില്‍ യു.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. രാധയുടെ മൃതദേഹം ശനിയാഴ്ച സംസ്‌കരിക്കും.
കടുവയെ വെടിവെയ്ക്കാന്‍ ജില്ലാഭരണകൂടവും ഉത്തരവിറക്കിയിട്ടുണ്ട്.