ജില്ലയിലെ എല്ലാ സ്കൂളുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്തും

ജില്ലയിലെ എല്ലാ സ്കൂളുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ്റെയും ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിൻ്റെയും അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം.

author-image
Shyam
New Update
asdasd

തൃക്കാക്കര: ജില്ലയിലെ എല്ലാ സ്കൂളുകളിലും ജൈവ മാലിന്യ സംസ്കരണ സംവിധാനം ഏർപ്പെടുത്താൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മുത്തേടൻ്റെയും ജില്ലാ കളക്ടർ എൻ. എസ്. കെ. ഉമേഷിൻ്റെയും അധ്യക്ഷതയിൽ ചേർന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തിൽ തീരുമാനം. സർക്കാർ സ്കൂളുകളിലാണ് പദ്ധതി നടപ്പാക്കുക. തുടർന്ന് സ്വകാര്യ സ്കൂളുകളിലും പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കും. അഞ്ച് സ്കൂളുകൾ തിരഞ്ഞെടുത്ത് മോഡൽ പദ്ധതി നടപ്പാക്കും. ജൈവ മാലിന്യം സംസ്കരിക്കുന്നതിനുള്ള കംപോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവയാണ് സജ്ജമാക്കുക. ഇതിനായുള്ള പദ്ധതി തയാറാക്കി സമർപ്പിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകി. കോളേജുകൾ, ആശുപത്രികൾ തുടങ്ങി വിവിധ സ്ഥാപനങ്ങളിലും മാലിന്യ സംസ്കരണ പ്ലാൻ്റുകൾ സ്ഥാപിക്കും.
മാലിന്യ മുക്തം നവകേരളം ക്യാമ്പെയ്ൻ പ്രവർത്തനങ്ങൾ ഊർജിതമായി നടപ്പാക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും പൊതുസ്ഥലങ്ങൾ സൗന്ദര്യവത്കരിക്കാനുള്ള നിർദേശം എല്ലാ പഞ്ചായത്തുകളും സമയബന്ധിതമായി നടപ്പാക്കണം. എം.സി. എഫുകൾ ആരംഭിക്കുന്നതിന് റവന്യൂ ഭൂമി ഏറ്റെടുത്ത് നൽകുന്നതിനുള്ള നടപടികൾ ജില്ലാ ഭരണകൂടം സ്വീകരിക്കുന്നുണ്ട്. 
മാലിന്യ സംസ്കരണ പദ്ധതികൾ ആരംഭിക്കുന്നതിന് എല്ലാ സാങ്കേതിക സഹായവും പിന്തുണയും തദ്ദേശ സ്ഥാപനങ്ങൾക്ക് ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഭൂമി ആവശ്യമുള്ളവർക്ക് റവന്യൂ ഭൂമി കണ്ടെത്തി നൽകും. എഫ് എസ് ടി പി പ്ലാന്റ് സ്ഥാപിക്കുന്നതിന് വാരപ്പെട്ടി പഞ്ചായത്തിന് 50 സെൻ്റ് ഭൂമി നൽകി. തൃക്കാക്കര നഗരസഭയ്ക്കും ഉടൻ 50 സെൻ്റ് അനുവദിക്കും. മറ്റു പഞ്ചായത്തുകളുടെ അപേക്ഷകൾ 15 ദിവസത്തിനകം തീർപ്പാക്കും. സ്പെഷ്യൽ പ്രോജെക്ട്ടുകൾ എന്ന രീതിയിൽ മാലിന്യ സംസ്കരണ പ്രോജെക്ടുകൾ ഏറ്റെടുക്കാൻ ഇപ്പോൾ സർക്കാർ നൽകിയിട്ടുള്ള അനുമതി, എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങളും ഉപയോഗപ്പെടുത്തണമെന്നും ജില്ലാ കളക്ടർ നിർദേശിച്ചു.ബയോമെഡിക്കൽ മാലിന്യം സംസ്കരിക്കുന്ന പ്ലാൻ്റ്, റിജക്ടഡ് വേസ്റ്റ് ട്രീറ്റ്മെൻ്റ് പ്ലാൻ്റ്, അണ്ടർ ഗ്രൗണ്ട് എസ് ടി പി പ്ലാൻ്റ് എന്നിവയെക്കുറിച്ച് അവതരണം നടന്നു.  ആസൂത്രണ സമിതി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ പ്ലാനിംഗ് ഓഫീസർ ഇൻ ചാർജ് ടി. ജ്യോതിമോൾ, ആസൂത്രണ സമിതി അംഗങ്ങൾ, തദ്ദേശ സ്ഥാപന അധ്യക്ഷന്മാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

ernakulam kakkanad kakkanad news ernakulamnews Ernakulam News