കൊച്ചി: അമിതഭാരം കയറ്റിയതിന് ടിപ്പർലോറി ഉടമകളെയും ഡ്രൈവർമാരെയും കോടതി പിഴശിക്ഷയ്ക്ക് വിധിച്ചു. പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം തടവ് അനുഭവിക്കണം. എറണാകുളം എൻഫോഴ്സ്‌മെന്റ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിലെ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ രജിസ്റ്റർചെയ്ത കേസുകളിൽ എറണാകുളം സ്‌പെഷ്യൽ അഡീഷണൽ സി.ജെ.എം മേരി ബിന്ദു ഫെർണാണ്ടസാണ് ഉത്തരവിട്ടത്.
2021 ജനുവരി 15ന് കാവുമ്പാഴത്ത് നടത്തിയ പരിശോധനയിൽ മൂവാറ്റുപുഴയിൽനിന്ന് ചെല്ലാനത്തേക്ക് മണ്ണ് കൊണ്ടുപോയ ടിപ്പറിലും 2022 നവംബർ 24ന് കളമശേരിയിൽ നടത്തിയ വാഹന പരിശോധനയിൽ തൃശൂരിൽ നിന്ന് ആലപ്പുഴയ്ക്കുപോയ ടിപ്പർ ലോറിയിലും അമിതഭാരം കണ്ടെത്തിയിരുന്നു. രണ്ട് കേസുകളിലും ടിപ്പറുടമകളും ഡ്രൈവർമാരും പിഴയൊടുക്കാൻ തയ്യാറായില്ല.
മോട്ടോർ വാഹനവകുപ്പിന്റെ വിവിധ ഓഫീസുകളിൽ പിഴ അടച്ചും അദാലത്തുകളിലൂടെയും നിയമനടപടി ഒഴിവാക്കാമായിരുന്നിട്ടും വീണ്ടും നിയമനടപടികളുമായി മുന്നോട്ടുപോയ സാഹചര്യത്തിലുമാണ് വിധി. മോട്ടോർ വാഹനവകുപ്പിനുവേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർ സുമി പി ബേബി ഹാജരായി.