/kalakaumudi/media/media_files/3mvALy7jo2acPfFMqAo2.jpg)
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസ കണക്കുമായി ബന്ധപ്പെട്ട് ഉയരുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി മുസ്ലീം ലീഗ് നേതാവും എംഎല്‍എയുമായ പി കെ കുഞ്ഞാലിക്കൂട്ടി. വയനാട് ദുരന്തത്തില്‍ കണ്ടെടുത്ത മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് സന്നദ്ധ പ്രവര്‍ത്തകരാണ്. അതിന് പ്രതിഫലമൊന്നും പറ്റിയിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മനുഷ്യരുടെ സേവനത്തെ വച്ച് മുതലെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെങ്കില്‍ അത് പൊറുക്കാനാവാത്ത തെറ്റാണെന്നും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
കുഞ്ഞാലിക്കുട്ടിയുടെ കുറിപ്പ്:
എന്ത് കൊടുത്താലും പകരമാകാത്ത സേവന മാതൃക തീര്‍ത്ത സന്നദ്ധ പ്രവര്‍ത്തകരെ വീണ്ടുമിങ്ങനെ അപഹസിക്കുന്നതെന്തിന്. വയനാട് ദുരന്തത്തില്‍ സര്‍ക്കാരിന്റേത് എന്ന രീതിയില്‍ ചിലവഴിച്ച തുകകളുടെ കണക്ക് വിവരങ്ങള്‍ കണ്ടപ്പോള്‍ മനസ്സിലേക്ക് വന്ന ആദ്യ ചോദ്യമിതാണ്.
വയനാട് ദുരന്തത്തില്‍ കണ്ടെടുത്ത മുഴുവന്‍ മൃതദേഹങ്ങളും സംസ്‌കരിച്ചത് വൈറ്റ് ഗാര്‍ഡ് ഉള്‍പ്പെടെയുള്ള സന്നദ്ധ പ്രവര്‍ത്തകരാണ്. അതില്‍ പഴകി ജീര്‍ണ്ണിച്ച മൃതദേഹങ്ങളുണ്ട്, ചിലരുടെ അവയവങ്ങള്‍ മാത്രമുണ്ട്, ശരീരവശിഷ്ടങ്ങളുണ്ട്. എല്ലാം ഒരു മടിയും മടുപ്പും കൂടാതെ അര്‍ഹിക്കുന്ന ആദരവ് നല്‍കി അവര്‍ മണ്ണിലേക്ക് ചേര്‍ത്തുവച്ചു. ഒരു നയാ പൈസ പോലും വേതനം പറ്റിയിട്ടില്ല. അവിടെ ആളുകളെ തിരയാനും അതിജീവിച്ചവര്‍ക്ക് വേണ്ട സൗകര്യങ്ങളൊരുക്കാനും സ്വന്തം വാഹനങ്ങളുമായി കയ്യില്‍ നിന്ന് പണം മുടക്കി ഇന്ധനം കത്തിച്ചവരുമായ ഒരുപാട് നല്ല മനുഷ്യരുണ്ട്. അവര്‍ക്കും വ്യവസ്ഥാപിതമായി ഒരു വേതനവും കിട്ടിയിട്ടില്ല. അപ്പോഴാണ് ഈ വകയിലൊക്കെ ഭാരിച്ച തുക ചിലവഴിച്ചതായി സര്‍ക്കാരിന്റേതായി കാണുന്നത്. കണക്കുകളുടെ കളിക്കപ്പുറത്ത് ഒരു മഹാദുരന്തത്തെ അതിജീവിക്കാന്‍ സര്‍വ്വം ത്യജിച്ച് ചേര്‍ന്ന് നിന്ന മനുഷ്യരുടെ സേവനത്തെ, വിശ്വാസ്യതയെ, സമര്‍പ്പണത്തെ വച്ച് മുതലെടുപ്പ് നടത്തുകയാണോ സര്‍ക്കാര്‍ ചെയ്യുന്നത്. അങ്ങനെയെങ്കില്‍ അത് പൊറുക്കാന്‍ പറ്റാത്ത തെറ്റാണ്.
വൈറ്റ് ഗാര്‍ഡ് തീര്‍ത്തും സൗജന്യമായും സ്വയം പണം കണ്ടെത്തിയുമാണ് ഭക്ഷണ വിതരണം നടത്തിയത്. അത് പൂട്ടിച്ചതിനെതിരെ ഉയര്‍ന്ന പ്രതിഷേധങ്ങളെ കൈകാര്യം ചെയ്തത് ഹോട്ടല്‍ ആന്‍ഡ് റെസ്റ്ററന്റ് അസോസിയേഷന്‍ സൗജന്യമായി ഭക്ഷണം നല്‍കുന്നത് ഉയര്‍ത്തിക്കാട്ടിയാണ്. നിങ്ങളില്ലെങ്കിലും സൗജന്യമായി ഭക്ഷണം നല്‍കാന്‍ ആളുണ്ട് എന്ന അവകാശവാദവും പരിഹാസത്തില്‍ പൊതിഞ്ഞ് സൈബര്‍ പോരാളികള്‍ തൊടുത്ത് വിട്ടത് കഥയറിയാതെ ആടിയതായിരുന്നോ. അല്ലെങ്കില്‍ എങ്ങനെയാണ് ഭക്ഷണ വിതരണത്തിന് ഇത്രയും ഭാരിച്ച തുക വന്നത്.
മറ്റ് കണക്കുകളും ഒറ്റ നോട്ടത്തില്‍ യുക്തിക്കു നിരക്കാത്തതാണ്. കേരളം ഒരുമിച്ച് നിന്ന് അതിജയിച്ച ഒരു ദുരന്തത്തിന്റെ ഔദ്യോഗിക ചിലവ് കണക്കുകള്‍ അങ്ങനെ അവ്യക്തമായിക്കൂടാ. അതിന്റെ വസ്തുതകള്‍ കൃത്യമായും വ്യക്തമായും അറിയാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
വലിയ ഉത്തരവാദിത്തവും ജാഗ്രതയും ഈ വിഷയത്തില്‍ സര്‍ക്കാര്‍ കാണിക്കേണ്ടതുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
