/kalakaumudi/media/media_files/2025/07/06/divya-2025-07-06-19-32-46.jpg)
കണ്ണൂര്‍: കോട്ടയം മെഡിക്കല്‍ കോളേജില്‍ പഴയ കെട്ടിടം തകര്‍ന്നു വീണ് താലയോലപറമ്പിലെ ബിന്ദുവെന്ന വീട്ടമ്മ മരിച്ച സംഭവത്തില്‍ പ്രതിരോധത്തിലായ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന് പിന്‍തുണയുമായി മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ. അധികാരത്തില്‍ ഇരിക്കുന്നത് ഒരു പെണ്ണാവുമ്പോ ഉശിര് കൂടും ചിലര്‍ക്ക്. കൂടെയുള്ള ഒന്നിനെ എതിരാളികള്‍ വളഞ്ഞിട്ടു ആക്രമിക്കുമ്പോള്‍ കൂടെ നില്‍ക്കുകയെന്നത് ഓരോ കമ്യുണിസ്റ്റുകാരുടെയും കടമയാണെന്ന് പി.പി ദിവ്യ തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ബിന്ദുവിന്റെ മരണം പ്രതിപക്ഷം ആഘോഷിക്കുകയാണെന്നും പി.പി ദിവ്യകുറ്റപ്പെടുത്തി. വലതുപക്ഷ മാധ്യമങ്ങള്‍ക്ക് കിട്ടിയ ഒരു ഇര മാത്രമാണ് കേരളത്തിലെ ആരോഗ്യ വകുപ്പ് മന്ത്രി. ഇടതുഭരണത്തിന്റെ തുടര്‍ച്ചയില്‍ അധികാരത്തിന്റെ ചെങ്കോല്‍ ഇനിയും കിട്ടുമോയെന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കോപ്രായ സമരങ്ങള്‍ നടത്തുന്നത്. ഇതു ജനങ്ങള്‍ പുച്ഛിച്ചു തള്ളിക്കളഞ്ഞു.
ചാണ്ടി ഉമ്മന്റെ അഭിനയത്തിന് ഓസ്‌കാറെങ്കിലും കൊടുക്കേണ്ടതാണ്. കെട്ടിടം തകര്‍ന്നു വീണ സ്ഥലത്തു നിന്ന് നടത്തിയ ചാണ്ടി ഷോ നിര്‍ത്തിവെച്ചു ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കരുതായിരുന്നോയെന്ന് ദിവ്യ ചോദിച്ചു. യൂത്ത് കോണ്‍ഗ്രസ്പിരിച്ചെടുത്തെ മുണ്ട കൈയിലെ 30 വീടുകള്‍ക്കുവേണ്ടിയുള്ള കോടികള്‍ മുക്കിയതിനെ കുറിച്ചു ആരും ചോദിക്കരുതെന്നും പി.പി ദിവ്യ പരിഹസിച്ചു.
കോട്ടയം മെഡിക്കല്‍ കോളേജിലെ പഴയ കെട്ടിടം വീണു തകര്‍ന്ന ബിന്ദുവിന്റെ ദുരന്തം അത്യന്തം വേദനാജനകമാണ്. അവരുടെ കുടുംബത്തിന്റെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുത്തു കഴിഞ്ഞുവെന്ന് പി.പി ദിവ്യ പറഞ്ഞു. മന്ത്രിവീണാ ജോര്‍ജുമൊന്നിച്ചു നില്‍ക്കുന്ന ഫോട്ടോ പോസ്റ്റു ചെയ്തു കൊണ്ട് പി.പി ദിവ്യഫെയ്സ്ബുക്കിലൂടെ രംഗത്തുവന്നത്.
അതിനിടെ ഗവ.മെഡിക്കല്‍ കോളജിലെ കെട്ടിടം തകര്‍ന്നു മരിച്ച തലയോലപ്പറമ്പ് സ്വദേശി ബിന്ദുവിന്റെ വീട്ടില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇന്ന് രാവിലെ സന്ദര്‍ശനം നടത്തി. കുടുംബാംഗങ്ങളെ മന്ത്രി ആശ്വസിപ്പിച്ചു. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് അറിയിച്ചു. മകന് പഠനത്തിനനുസരിച്ച് ജോലി നല്‍കണമെന്ന് കുടുംബം അഭ്യര്‍ഥിച്ചു. പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി.
സര്‍ക്കാര്‍ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും ധനസഹായത്തിന്റെ കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. കെട്ടിടം തകര്‍ന്നതു സംബന്ധിച്ച് രണ്ട് അന്വേഷണമാണ് നടക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ധനസഹായം സംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച കൈമാറും. അപകടത്തെ സംബന്ധിച്ച പ്രാഥമിക അന്വേഷണം നടത്തി. ഒരു അന്വേഷണം കൂടി നടത്തും. കെട്ടിടത്തിന്റെ രേഖകള്‍ പഞ്ചായത്തില്‍നിന്ന് ശേഖരിക്കണം. അതെല്ലാം ഉള്‍പ്പെടുത്തി ബൃഹത്തായ റിപ്പോര്‍ട്ട് നല്‍കും. ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും കളക്ടര്‍ പറഞ്ഞു.