തിരുവനന്തപുരം: പി സരിൻ അടുത്ത സുഹൃത്തെന്ന് പാലക്കാട്ടെ നിയുക്ത കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ. ഇന്നലെയും ഇന്നും നാളെയുമെല്ലാം അദ്ദേഹം തനിക്ക് അടുത്ത സുഹൃത്തുതന്നെയാണ്. നല്ല പ്രത്യയ ശാസ്ത്ര ക്ലാരിറ്റിയുള്ള ആളാണ് സരിൻ. അദ്ദേഹത്തിന് മറുപടി പറയാൻ കപ്പാസിറ്റിയുള്ള ആളല്ല താനെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. മുതിർന്ന കോൺഗ്രസ് നേതാവ് എ കെ ആന്റണിയെ വീട്ടിലെത്തി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കൂട്ടത്തിൽ.
സരിനെ സിപിഐഎം ആയി മുദ്ര കുത്താൻ പാടില്ലെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. ചെറുപ്പക്കാരന്റെ രാഷ്ട്രീയ ഇന്റഗ്രിറ്റി ചോദ്യം ചെയ്യരുത്. ജയിലിൽ കിടക്കുന്നത് മാത്രമല്ല ത്യാഗമെന്ന് സരിൻ പറഞ്ഞത് ശരിയാണ്. വിദ്യാഭ്യാസം ത്യജിക്കുന്നതും ത്യാഗം തന്നെയാണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
പാലക്കാട് നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇടഞ്ഞ് കെപിസിസി ഡിജിറ്റൽ സെൽ അധ്യക്ഷൻ പി സരിൻ രംഗത്തെത്തിയിരുന്നു. പാലക്കാട് സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പുനർചിന്തവേണമെന്ന് സരിൻ പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കത്തയച്ചിരുന്നുവെന്നും സരിൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്വന്തം ആൾ സ്ഥാനാർത്ഥിയാകണമെന്ന ചിലരുടെ നിർബന്ധങ്ങളെ വകവെച്ചാലുണ്ടാകുന്ന ഭവിഷ്യത്ത് തനിക്ക് കൃത്യമായി മനസിലായി. യാഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയും റീലുമിട്ടാൽ ഹിറ്റായെന്നാണ് ചിലരുടെ വിചാരമെന്നും പി സരിൻ തുറന്നടിച്ചിരുന്നു. ഈ വിഷയത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രതികരണം.