അന്‍വറിന്റെ പാട്ടഭൂമി വിവാദം; പിവീസ് റിയല്‍ട്ടേഴ്‌സിനെ കക്ഷി ചേര്‍ക്കണമെന്ന് ഹൈക്കോടതി

നാവിക ആയുധ സംഭരണ ശാലയോട് ചേര്‍ന്നാണ് അന്‍വറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി എത്തിയത

author-image
Biju
New Update
fEGH

p v anwar

കൊച്ചി: ആലുവ എടത്തലയിലെ പിവി അന്‍വറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം പൊളിച്ചു നീക്കണമെന്ന ഹര്‍ജിയില്‍ പി വി അന്‍വറിന്റെ ഉടമസ്ഥയിലുള്ള പിവീസ് റിയല്‍ട്ടേഴ്‌സിനെയും നാവിക ആയുധ സംഭരണ കേന്ദ്രത്തെയും കക്ഷി ചേര്‍ക്കാന്‍ ഹൈക്കോടതി നിര്‍ദേശം. 

നാവിക ആയുധ സംഭരണ ശാലയോട് ചേര്‍ന്നാണ് അന്‍വറിന്റെ കൈവശമുള്ള പാട്ട ഭൂമിയിലെ കെട്ടിടം സ്ഥിതി ചെയ്യുന്നത്. ഇത് പൊളിച്ചു നീക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹൈക്കോടതിയില്‍ സ്വകാര്യ ഹര്‍ജി എത്തിയത്. കെട്ടിടത്തിന് സുരക്ഷാ ഭീഷണിയുണ്ട് എന്ന് കാണിച്ച് എടത്തല പഞ്ചായത്ത് നേരത്തെ സ്റ്റോപ്പ് മെമ്മോ നല്‍കിയിരുന്നു.  

ആലുവ ഈസ്റ്റ് വില്ലേജിലെ പാട്ടാവകാശം മാത്രമുള്ള 11.46 ഏക്കര്‍ ഭൂമി നിയമവിരുദ്ധമായി പോക്കുവരവ് നടത്തി സ്വന്തമാക്കിയെന്ന ആരോപണത്തില്‍ പി.വി. അന്‍വറിനെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നോരത്തെ നുമതി ല്‍കിയിരുന്നു. പരാതിയില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അഡീ.ചീഫ് സെക്രട്ടറിയാണു വിജിലന്‍സ് ഡയറക്ടര്‍ക്കു നിര്‍ദേശം നല്‍കിയത്. കൊല്ലം സ്വദേശിയായ വ്യവസായിയും പ്ലാന്ററുമായ മുരുഗേഷ് നരേന്ദ്രന്റെ പരാതിയിലാണു നടപടി.

ആലുവയില്‍ നാവിക സേനയുടെ ആയുധ സംഭരണശാലയ്ക്കു സമീപം 99 വര്‍ഷത്തേക്കു ഹോട്ടല്‍ ഗ്രൂപ്പിനു പാട്ടത്തിനു നല്‍കിയ ഭൂമിയാണു വായ്പ തിരിച്ചടവു മുടങ്ങിയതോടെ ട്രൈബ്യൂണല്‍ ലേലത്തിനു വച്ചത്. പി.വി. അന്‍വര്‍ മാനേജിങ് ഡയറക്ടറായ പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ ഭൂമിയുടെ 99 വര്‍ഷത്തെ പാട്ടാവകാശം സ്വന്തമാക്കി. ഈ ഭൂമിയാണു പിന്നീടു സ്വന്തം ഭൂമിയെന്ന നിലയില്‍ നിയമവിരുദ്ധമായി നികുതിയടച്ചു സ്വന്തമാക്കിയെന്ന ആരോപണം നേരിടുന്നത്. 

ഈ ഭൂമി കോയമ്പത്തൂരിലെ എസ്ബിഐ ശാഖയില്‍ ഈടുവച്ചു 14 കോടി രൂപ വായ്പയെടുത്തതായും പരാതിക്കാരന്‍ മുരുഗേഷ് നരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

എംഎല്‍എയായിരുന്ന അന്‍വര്‍ അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തി തട്ടിപ്പു നടത്തിയെന്ന ആരോപണത്തിലാണു വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. വിജിലന്‍സ് ഡയറക്ടര്‍ 2024 നവംബര്‍ 19നാണ് അനുമതി തേടിയത്. ഡിസംബര്‍ 24നാണ് അനുമതി ലഭിച്ചത്. നിലവില്‍ 200 കോടി രൂപയുടെ മൂല്യം സ്ഥലത്തിനും കെട്ടിടത്തിനുമുണ്ടെന്നാണു കണക്കാക്കുന്നത്.

കെട്ടിടം പൊളിക്കാന്‍ ആരുവിചാരിച്ചാലും നടക്കില്ല: പി.വി. അന്‍വര്‍ മലപ്പുറംന്മ ആലുവയിലെ കെട്ടിടം പിണറായി വിജയനല്ല, ആരു വിചാരിച്ചാലും പൊളിച്ചു നീക്കാന്‍ കഴിയില്ലെന്നു പി.വി.അന്‍വര്‍. ഈ രാജ്യത്ത് നിയമമുണ്ട്. ഡല്‍ഹിയിലെ ട്രൈബ്യൂണലില്‍ നിന്നു ലേലത്തിനെടുത്ത വസ്തുവാണത്. 

അതിന്റെ എല്ലാ രേഖകളും ഇന്നു മാധ്യമങ്ങളിലൂടെ പൊതുജനത്തിനു മുന്നില്‍ ഹാജരാക്കും. അന്വേഷണം നടക്കട്ടെ. പക പോക്കലുണ്ടാകുമെന്നു പ്രതീക്ഷിച്ചു തന്നെയാണു ഇടതുപക്ഷത്തു നിന്നു പോന്നത്. ആ പകപോക്കല്‍ ഏറ്റെടുക്കാന്‍ തയാറാണെന്നും അന്‍വര്‍ പറഞ്ഞു.

 

p v anwar