/kalakaumudi/media/media_files/2025/11/14/padmkumar-2025-11-14-08-09-12.jpg)
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മിഷണറുമായിരുന്ന എന്‍.വാസുവിന്റെ അറസ്റ്റിനു പിന്നാലെ ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിനെയും എസ്‌ഐടി 2 ദിവസത്തിനുള്ളില്‍ അറസ്റ്റ് ചെയ്‌തേക്കും. എന്നാല്‍, സിപിഎമ്മിലെ അഭിപ്രായഭിന്നതകള്‍ കാരണം അറസ്റ്റ് വൈകിയേക്കുമെന്ന സൂചനയും ചില പാര്‍ട്ടി നേതാക്കള്‍ പങ്കുവയ്ക്കുന്നു.
ഇതിനിടെ, സ്വര്‍ണക്കവര്‍ച്ച കേസില്‍ പ്രതികളായ ഉണ്ണിക്കൃഷ്ണന്‍ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാന്‍ഡ് കാലാവധി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി ഈമാസം 27 വരെ നീട്ടി. കൊല്ലം വിജിലന്‍സ് കോടതി അവധിയായതിനാലാണ് പ്രതികളെ തിരുവനന്തപുരത്ത് ഹാജരാക്കിയത്. മുരാരി ബാബുവിന്റെ ജാമ്യാപേക്ഷ പിന്‍വലിച്ചു. എന്‍.വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി മാറ്റിവച്ചു.
ഇതിനിടെ, ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണം കവര്‍ന്ന കേസില്‍ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറി എസ്.ജയശ്രീയുടെ ജാമ്യാപേക്ഷ പത്തനംതിട്ട പ്രിന്‍സിപ്പല്‍ ജില്ലാ കോടതി തള്ളി. ജയശ്രീയെ അറസ്റ്റ് ചെയ്യുന്നതിനു പ്രത്യേക അന്വേഷണസംഘത്തിന് ഇനി തടസ്സമില്ല.
വാസുവിന്റെ അറസ്റ്റില്‍ സിപിഎമ്മിലെ പ്രധാന നേതാക്കളുടെ വിയോജിപ്പ് പാര്‍ട്ടിയെ സമ്മര്‍ദത്തിലാക്കിയിട്ടുണ്ടെന്നാണു വിവരം. സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നു പറയുമ്പോള്‍ തന്നെ തിരഞ്ഞെടുപ്പിലേക്ക് പോകുന്ന പാര്‍ട്ടിക്ക് വലിയ ക്ഷീണമാണ് സംഭവിക്കുന്നതെന്ന് നേതാക്കള്‍ സര്‍ക്കാര്‍ കേന്ദ്രങ്ങള്‍ക്കു മുന്നറിയിപ്പ് നല്‍കി. എന്നാല്‍, ഹൈക്കോടതിയുടെ സൂക്ഷ്മ നിരീക്ഷണത്തിലുള്ള കേസില്‍ എ.പത്മകുമാറിന്റെയും ഒപ്പമുണ്ടായിരുന്ന അംഗങ്ങളെയും അറസ്റ്റ് ഒഴിവാക്കാനും എസ്‌ഐടിക്കു കഴിയില്ല.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
