പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി പരിശോധന

തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍നിന്നാണെന്നും കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് പത്മകുമാര്‍ ആണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍

author-image
Biju
New Update
pad

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ അറസ്റ്റിലായ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ.പത്മകുമാറിന്റെ ആറന്മുളയിലെ വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തുന്നു. രാവിലെ തുടങ്ങിയ പരിശോധന ഉച്ചയ്ക്ക് ശേഷവും തുടരുകയാണ്. തട്ടിപ്പസംബന്ധിച്ചുള്ള രേഖകള്‍ എന്തെങ്കിലും ലഭിക്കുമോയെന്നറിയാനാണ് പരിശോധന.

അതിനിടെ തട്ടിപ്പില്‍ പത്മകുമാറിന് നിര്‍ണായകമായ പങ്കുണ്ടെന്ന് എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്തുവന്നു. തട്ടിപ്പിന്റെ തുടക്കം പത്മകുമാറില്‍നിന്നാണെന്നും കട്ടിളപ്പാളി ഉണ്ണികൃഷ്ണന്‍ പോറ്റിക്കു കൈമാറാനുള്ള നിര്‍ദേശം മുന്നോട്ടു വച്ചത് പത്മകുമാര്‍ ആണെന്നുമാണ് എസ്ഐടിയുടെ കണ്ടെത്തല്‍. 

2019 ഫെബ്രുവരിയില്‍ തന്നെ ഇതിനുള്ള നീക്കം തുടങ്ങിയിരുന്നു. ഇതിനു ശേഷമാണ് സ്വര്‍ണം ചെമ്പാക്കി മാറ്റി രേഖകള്‍ തയാറാക്കിയത്. മാര്‍ച്ച് 2019ല്‍ പത്മകുമാറിന്റെ അധ്യക്ഷതയില്‍ കൂടാന്‍ തീരുമാനിച്ച ബോര്‍ഡ് യോഗത്തിന്റെ അജന്‍ഡ നോട്ടിസില്‍ സ്വന്തം കൈപ്പടയില്‍ 'സ്വര്‍ണം പതിച്ച ചെമ്പ് പാളികള്‍' എന്നതിനു പകരം 'ചെമ്പുപാളികള്‍' എന്നു മാത്രം എഴുതി ചേര്‍ത്തതിന്റെ അടിസ്ഥാനത്തിലാണ് ബോര്‍ഡ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. നടപടിക്രമങ്ങള്‍ മറികടന്ന് സ്വര്‍ണപ്പാളികള്‍ ശബരിമലയില്‍നിന്നു പുറത്തു കൊണ്ടുപോകാന്‍ പോറ്റിയെ പത്മകുമാര്‍ സഹായിച്ചുവെന്നും എസ്ഐടി വ്യക്തമാക്കുന്നു. ഇതിനായി മറ്റു പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 

പോറ്റിക്ക് അനുകൂല നടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് നിര്‍ദേശിച്ചതായി ഉദ്യോഗസ്ഥര്‍ മൊഴി നല്‍കിയെന്നും എസ്ഐടി റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. പോറ്റിക്ക് പാളികള്‍ കൈമാറാനുള്ള നിര്‍ദേശം പത്മകുമാര്‍ ആദ്യം അവതരിപ്പിച്ചപ്പോള്‍ അപേക്ഷ താഴെത്തട്ടില്‍നിന്നു ലഭിക്കട്ടെ എന്നാണ് ബോര്‍ഡ് നിര്‍ദേശിച്ചത്. തുടര്‍ന്നാണ് കത്തിടപാടുകള്‍ ആരംഭിക്കുന്നത്. ബോര്‍ഡ് യോഗത്തിന്റെ മിനിട്സില്‍ മറ്റ് അംഗങ്ങള്‍ അറിയാതെ പത്മകുമാര്‍ സ്വന്തം കൈപ്പടയില്‍ തിരുത്തു വരുത്തിയതായും എസ്ഐടി കണ്ടെത്തി. ബോര്‍ഡ് ആസ്ഥാനത്തുനിന്ന് എസ്ഐടി പിടിച്ചെടുത്ത രേഖകള്‍ കേസില്‍ നിര്‍ണായകമായി.

2019ല്‍ ശബരിമല ശ്രീകോവിലിലെ ദ്വാരപാലക ശില്‍പങ്ങളും വാതിലും സ്‌പോണ്‍സര്‍ എന്ന പേരില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി എന്ന വ്യക്തി കൈപ്പറ്റി സ്വര്‍ണം പൂശി തിരിച്ച് സന്നിധാനത്ത് എത്തിച്ചു. 2025 സെപ്റ്റംബറില്‍ ദ്വാരപാലക ശില്‍പങ്ങള്‍ മങ്ങിയെന്നും അവ വീണ്ടും സ്വര്‍ണം പൂശാമെന്നും ആവശ്യപ്പെട്ട് പോറ്റി വീണ്ടും ദേവസ്വം ബോര്‍ഡിനെ സമീപിക്കുകയും ദേവസ്വം ബോര്‍ഡ് ശില്‍പങ്ങള്‍ പോറ്റിക്ക് കൈമാറുകയും ചെയ്തു. എന്നാല്‍ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ പഴയ രീതിയിലുള്ള സ്വര്‍ണം പൂശല്‍ തടഞ്ഞു. വിവരം അറിഞ്ഞതിനുപിന്നാലെ സ്‌പെഷല്‍ കമ്മിഷണര്‍ ഇടപെട്ടു. നിയമപ്രകാരം തന്നെ അറിയിക്കാതെയാണ് ഉരുപ്പടികള്‍ ചെന്നൈയ്ക്കു കൊണ്ടു പോയതെന്ന് ഹൈക്കോടതിയെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ ശബരിമല സ്വര്‍ണപ്പാളി, സ്വര്‍ണംപൂശല്‍ വിവാദം ശക്തമായി. സ്‌പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ കോടതി ഇടപെട്ടതോടെ സ്വര്‍ണപ്പാളി വിവാദം പുറംലോകമറിഞ്ഞു. 

ഉണ്ണികൃഷ്ണന്‍ പോറ്റി (സ്‌പോണ്‍സര്‍), മുരാരി ബാബു (ശബരിമല മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍), ഡി.സുധീഷ് കുമാര്‍ (ശബരിമലയിലെ മുന്‍ എക്‌സിക്യുട്ടീവ് ഓഫിസര്‍), കെ.എസ്.ബൈജു (മുന്‍ തിരുവാഭരണം കമ്മിഷണര്‍), എന്‍.വാസു (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കമ്മിഷണറും), എ.പത്മകുമാര്‍ (ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ്). 

എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെയാണ് അന്വേഷണത്തിനായി ഹൈക്കോടതി നിയോഗിച്ചിട്ടുള്ളത്.