കണ്ണൂര്‍: എം ടിയുടെ നഷ്ടം എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും വേദനയുണ്ടെന്നും കഥാകൃത്ത് ടി പത്മനാഭന്‍ അനുസ്മരിച്ചു. എംടിയുമായി 1950 മുതലുള്ള പരിചയമാണെന്നും സമ്മിശ്രമായ ധാരാളം അനുഭവങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എനിക്ക് പോകാനോ അദ്ദേഹത്തെ കാണാനോ കഴിഞ്ഞിട്ടില്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളുള്ളതിനാലാണ് പോകാന്‍ കഴിയാതെയിരുന്നത്. വീഴ്ച്ചയെ തുടർന്നുള്ള ആരോഗ്യപ്രശനങ്ങളും ഉണ്ട്. എംടിയെ ഏറ്റവും ഒടുവില്‍ കണ്ടത് രണ്ട് കൊല്ലം മുന്‍പാണ്. അദ്ദേഹത്തിന്റെ അന്ത്യം ഇത്ര വേഗത്തില്‍ വരുമെന്ന് വിചാരിച്ചില്ല.
എന്നെപ്പോലെയല്ല എംടി.ഞാൻ ചെറിയ മേഖലയിൽ ഒതുങ്ങി കൂടിയ ആളാണ്. എം ടി പല മേഖലകളിലും കൈവച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ലോകം വിശാലമാണ്. ഈ നഷ്ടം മലയാള സാഹിത്യത്തില്‍ എളുപ്പത്തിലൊന്നും നികത്താനാവില്ലെന്നും അദ്ദേഹത്തിന്റെ വിയോഗം തീരാനഷ്ടമാണെന്നും ടി പത്മനാഭന്‍ അനുസ്മരിച്ചു.
മറ്റ് സഹോദര തുല്യനാണെന്നും കേരളത്തിലെ നവരത്നങ്ങളിൽ ഒന്നായിരുന്നു അദ്ദേഹമെന്നും കാനായി കുഞ്ഞിരാമൻ അനുസ്മരിച്ചു.അവസാനമായി എനിക്ക് പ്രഖ്യാപിച്ച ബഷീർ അവാർഡ് എം ടിയുടെ കയ്യിൽ നിന്നായിരുന്നു വാങ്ങേണ്ടിയിരുന്നത്.അതിനു കഴിഞ്ഞില്ല അന്ന് പോകാൻ പറ്റാഞ്ഞതിൽ അതിയായ ദുഃഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് നികത്താൻ കഴിയാത്ത നഷ്ട്ടമാണ് എംടിയുടെ വിയോഗത്തിലൂടെ ഉണ്ടായിരുന്നതെന്ന് പൊതുമരാമത്തു മന്ത്രി മുഹമ്മദ് റിയാസ് അനുസ്മരിച്ചു.അദ്ദേഹത്തെ കാണുമ്പോഴെല്ലാം കൂടല്ലൂരിലെ വീട്ടിലെ വിശേഷണങ്ങൾ പങ്കു വച്ചിരുന്നു.മതനിരപേക്ഷതയ്ക്കായി സദാസമയവും നിലകൊണ്ട അദ്ദേഹം വൈക്കം മുഹമ്മദ് ബഷീറിന് ഒരു സ്മാരകം ഇല്ലാത്തതിനെ പറ്റി പറഞ്ഞിരുന്നു.ഔദ്യോഗിക ബഹുമാനത്തോടെ അദ്ദേഹത്തിന്റെ സംസ്കാരം നടത്തുന്നതിനായി വീട്ടുകാരുമായി ചർച്ചകൾ നടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടിക്കണക്കിനു മനുഷ്യർക്കു നാഥനില്ലാതായെന്നു എഴുത്തുകാരൻ ആലങ്കോട് ലീലാകൃഷ്‌ണൻ അനുസ്മരിച്ചു. മലയാള ഭാഷയെ ലോകോത്തര ഭാഷയാക്കാൻ യത്നിച്ചു.ഒറ്റയ്ക്ക് പോരാടിയ മനുഷ്യനാണ് എം ടി. ഭാഷ മരിച്ചാലും നിലനിൽക്കുന്ന അമരനാണ് എംടിയെന്നും ലീലാകൃഷ്‌ണൻ പറഞ്ഞു.