/kalakaumudi/media/media_files/2025/11/20/padmakumar-2025-11-20-14-30-12.jpg)
ശ്രീകുമാര്‍ മനയില്‍
മുന്‍ ദേവസ്വം ബോര്‍ഡ് അധ്യക്ഷന്‍ എ പത്മകുമാറിന്റെ അറസ്റ്റ് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പിടിച്ചു കുലുക്കിയിരിക്കുകയാണ്. ഈ അറസ്റ്റ് പാര്‍ട്ടി പ്രതീക്ഷിച്ചതാണെങ്കിലും അതിന്റെ പ്രത്യാഘാതം അളക്കാന്‍ കഴിയില്ലന്ന് സിപിഎം നേതൃത്വത്തിന് നന്നായി അറിയാം. തദ്ദേശസ്വയംഭരണ സ്ഥാപന തെരെഞ്ഞെടുപ്പിന്റെ പ്രചാരണം ചൂടുപിടിച്ച് വരുമ്പോഴാണ് സിപിഎം നേതാവും ഒരു കാലത്ത് പിണറായി വിജയന്റെ വിശ്വസ്തനുമായ പത്മകുമാറിന്റെ അറസ്റ്റുണ്ടാകുന്നത്. നേരത്തെ എന്‍ വാസുവിന്റെ അറസ്റ്റുണ്ടായപ്പോള്‍ അദ്ദേഹം ഒരു ഉദ്യോഗസ്ഥനായിരുന്നു എന്ന് പറഞ്ഞു പിടിച്ചു നില്‍ക്കുകയായിരുന്നു പാര്‍ട്ടി. എന്നാല്‍ പത്മകുമാറാകാട്ടെ മുന്‍ എംഎല്‍എയും വിഭാഗീയതയുടെ കാലത്ത് പത്തനംതിട്ട ജില്ലയെ പിണറായിക്ക് പിന്നില്‍ അണിനിരത്തിയ നേതാവുമാണ്. അതുകൊണ്ടാണ് ആദ്യ പിണറായി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തെ ദേവസ്വം ബോര്‍ഡ് അധ്യക്ഷനാക്കിയതും. എന്നാല്‍ സ്വര്‍ണ്ണപ്പാളി വിവാദത്തില്‍ ഹൈക്കോടതി ശക്തിയായി ഇടപെടുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയും ചെയ്തതോടെ സര്‍ക്കാരിന്റ പിടിയില്‍ നിന്ന് കാര്യങ്ങള്‍ വിട്ടുപോകാന്‍ തുടങ്ങി. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിന്റെ കാലത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധന ഉള്‍പ്പെടയെുള്ള വിഷയങ്ങള്‍ മുങ്ങിപ്പോവുകയും, ശബരിമല വിവാദം മാത്രം കത്തി നില്‍ക്കുകയും ചെയ്താല്‍ അത് പാര്‍ട്ടിക്ക് വലിയ തിരിച്ചടിയായിരിക്കുമെന്ന് സിപിഎമ്മിന് നന്നായി അറിയാം. സര്‍ക്കാരിന്റെ ജനകീയ മുഖം നഷ്ടമാകുന്നത് അപകടമാണെന്നും പാര്‍ട്ടിക്ക് അറിയാം. എന്നാല്‍ ഇതില്‍ നിന്നും എങ്ങിനെ കരകേറണമെന്ന് സിപിഎമ്മിന് ഇപ്പോള്‍ ഒരു നിശ്ചയവുമില്ല.
അതേ സമയം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം പത്മകുമാറിന്റെ അറസ്റ്റ് ലോട്ടറിയടിച്ചത് പോലെയായി. മുന്നണിയിലെ പടലപ്പിണക്കങ്ങളും അസ്വാരസ്യങ്ങളും മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കങ്ങളും അതോടൊപ്പം രാഹുല്‍ മാങ്കൂട്ടത്തിന് നേരെ ഉയര്‍ന്ന ആരോപണങ്ങളും യുഡിഎഫിനെ വലിയൊരു വിഷമ വൃത്തത്തില്‍ കൊണ്ടു ചെന്ന് ചാടിച്ചിരുന്നു. എന്നാല്‍ ശബരിമല സ്വര്‍ണ്ണപ്പാളിവിവാദം കത്തിയതോടെ അതെല്ലാം വിസ്മൃതിയിലായി. യുഡിഎഫിനെ സംബന്ധിച്ചിടത്തോളം വലിയ ആശ്വാസമാണ് ഇത് നല്‍കിയത്. ഈ രാഷ്ട്രീയ കാലാവസ്ഥ നിലനിര്‍ത്തിയാല്‍ തദ്ദേശ തെരെഞ്ഞെടുപ്പിലും അതിന് ശേഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും വലിയ നേട്ടം ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസം യുഡിഎഫ് നേതൃത്വത്തിന് പ്രത്യേകിച്ച് കോണ്‍ഗ്രസിനുണ്ട്. വിശ്വാസ സംരക്ഷണ യാത്രക്ക് മികച്ച പ്രതികരണമാണ് ജനങ്ങളില്‍നിന്നും ലഭിച്ചത് എന്നും അവരെ സന്തോഷിപ്പിക്കുന്നു. ശബരിമല വിവാദത്തില്‍ സര്‍ക്കാരിനെതിരെയുള്ള ജനവികാരം തെരെഞ്ഞെടുപ്പുകളില്‍ പ്രതിഫലിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ്.
സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ പത്തുവര്‍ഷത്തിനിടയില്‍ പാര്‍ട്ടി ഏറ്റവും പ്രതിരോധത്തിലായ സന്ദര്‍ഭമാണിത്. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ സ്വര്‍ണ്ണക്കടത്ത് ആരോപണം ഉയര്‍ന്നപ്പോഴും, വീണാ വിജയനെതിരെ മാസപ്പടി കേസ് പൊങ്ങിവന്നപ്പോഴുമൊന്നുംഇത്രക്ക് പ്രതിസന്ധി സിപിഎം നേരിട്ടട്ടില്ല. എന്നാല്‍ ശബരിമല വിഷയത്തില്‍ വലിയ തിരിച്ചടി പാര്‍ട്ടിക്കുണ്ടാവുമെന്ന് നേതാക്കളെല്ലാം ഭയപ്പെടുന്നുണ്ട്. സര്‍ക്കാരിന് പറഞ്ഞുനില്‍ക്കാന്‍ പോലും മാര്‍ഗമില്ലാത്ത തരത്തിലാണ് പ്രതിസന്ധി. പാര്‍ട്ടിയുടെ നേതാക്കളാണ് അറസ്റ്റിലായിരിക്കുന്നത്. ഈ അവസ്ഥയെ മറികടക്കുക അത്ര എളുപ്പമല്ലന്ന് സിപിഎം നേതൃത്വത്തിനറിയാം. തദ്ദേശ സ്വയംഭരണ തെരെഞ്ഞെടുപ്പിലുണ്ടാകുന്ന തിരിച്ചടി നിയമസഭാ തെരഞ്ഞെടുപ്പിലെ പാര്‍ട്ടിയുടെ പ്രതീക്ഷകളെ വലുതായി ബാധിക്കും. ഇതാണ് സിപിഎം നേതൃത്വത്തെ വിഷമിപ്പിക്കുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
