/kalakaumudi/media/media_files/vk2dgo7qpnJ7f1yvH7ge.jpg)
പാലക്കാട്: സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപനത്തിന് പിന്നാലെ പാലക്കാട് ബി.ജെ.പിയില്‍ പൊട്ടിത്തെറി. ബി.ജെ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയവേളയില്‍ തന്നോട് അഭിപ്രായം പോലുമാരാഞ്ഞില്ലെന്ന് ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍ ആരോപിച്ചു. അവസാന ഘട്ടത്തില്‍ ഒരുവിഭാഗം തന്നെ ഒറ്റപ്പെടുത്തി ക്രൂശിച്ചു. സ്ഥാനാര്‍ഥി പ്രഖ്യാപന കണ്‍വെന്‍ഷനിലേക്ക് പോലും ക്ഷണിച്ചിട്ടില്ല. സംസ്ഥാന നേതൃത്വത്തെ അതൃപ്തി അറിയിച്ചതായും പ്രമീള വ്യക്തമാക്കി.
'പാലക്കാട് സ്ഥാനാര്‍ഥിയാവുന്നില്ല എന്ന തീരുമാനം നേരത്തെ സംസ്ഥാന പ്രസിഡന്റിനെ അറിയിച്ചിരുന്നു. നഗരസഭയില്‍ ഒരുവിഭാഗം ആളുകള്‍ക്ക് മാത്രമാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്ന് പാര്‍ട്ടിക്കാര്‍ക്കും ജനങ്ങള്‍ക്കും വ്യക്തമായ കാര്യമാണ്.
പുതുതായി പ്രഖ്യാപിച്ച സ്ഥാനാര്‍ഥി പട്ടികയില്‍ അത് വന്നിട്ടുണ്ട്. പാര്‍ട്ടി മെച്ചപ്പെടണമെന്ന് ആഗ്രഹിച്ച് വിമര്‍ശിച്ച ആളുകളെ മാറ്റിനിര്‍ത്തിയെന്ന് അഭിപ്രായമുണ്ട്. താന്‍ താമച്ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ച രണ്ടുവാര്‍ഡുകളിലും സ്ഥാനാര്‍ഥി ആരാണെന്ന് തിങ്കളാഴ്ച വൈകീട്ട് മൂന്നുമണി വരെ അറിയിച്ചിരുന്നില്ല. അതില്‍ അതിയായ മാനസിക വിഷമമുണ്ട്. അതുകൊണ്ടാണ് കഴിഞ്ഞ ദിവസം കണ്‍വെന്‍ഷന് പങ്കെടുക്കാതിരുന്നത്. തന്റെ അതൃപ്തി സംസ്ഥാന നേതൃത്വത്തെ അറിയിച്ചു. അവര്‍ കാണാന്‍ വന്നപ്പോള്‍ താന്‍ ഭര്‍ത്താവിന്റെ വീട്ടിലേക്ക് പോയിരുന്നു.
നഗരസഭ അധ്യക്ഷയെന്ന നിലയില്‍ മേഖലയിലെ വികസനപദ്ധതികളെ ഉള്‍ക്കൊള്ളുക എന്ന നിലപാടിലാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയുടെ പരിപാടിയില്‍ പങ്കെടുത്തത്. അത് സംസ്ഥാന നേതൃത്വത്തെ വിശദമായി പറഞ്ഞ് മനസിലാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ടെന്നും പ്രമീള ശശിധരന്‍ പറഞ്ഞു.'
പാലക്കാട് ഈസ്റ്റ്, പാലക്കാട് വെസ്റ്റ് എന്നീ രണ്ട് വാര്‍ഡുകളില്‍ നിന്നായിരുന്നു മുമ്പ് പ്രമീള ശശിധരന്‍ മത്സരിച്ചിരുന്നത്. ഈ രണ്ട് വാര്‍ഡുകളിലേക്കും പുതിയ സ്ഥാനാര്‍ഥികളെ നിര്‍ണയിച്ചപ്പോള്‍ തന്നോട് അഭിപ്രായം പോലും ചോദിച്ചില്ലെന്നാണ് പ്രമീളയുടെ ആരോപണം.
സംസ്ഥാനത്ത് ബി.ജെ.പി ഭരിക്കുന്ന രണ്ട് നഗരസഭകളിലൊന്നാണ് പാലക്കാട്. സി. കൃഷ്ണകുമാര്‍ പക്ഷം പാര്‍ട്ടി പിടിച്ചെടുക്കാന്‍ ശ്രമിക്കുന്നുവെന്ന പരാതികള്‍ക്കിടെയാണ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് നഗരസഭാധ്യക്ഷ തന്നെ രംഗത്തെത്തുന്നത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് പാലക്കാട് നഗരത്തില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍ 40 സ്ഥാനാര്‍ഥികളെ പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാര്‍ വിരുദ്ധ പക്ഷം പരസ്യമായി അതൃപ്തി പ്രകടിപ്പിക്കുന്നത്.
ഇക്കുറി നഗരസഭയില്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കിടെ തന്നെ മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ ഭാഗത്തുനിന്ന് മുറുമുറുപ്പും വിയോജിപ്പും പ്രകടമായിരുന്നു. കൃഷ്ണകുമാര്‍ പക്ഷവും വിരുദ്ധപക്ഷവും തമ്മില്‍ കൊമ്പുകോര്‍ക്കുന്നതായിരുന്നു കാഴ്ച. എന്നാല്‍ ഇത് തള്ളി ജില്ല നേതൃത്വം മുന്നോട്ടുപോവുകയായിരുന്നു.
കൃഷ്ണകുമാര്‍ പക്ഷത്തിന് അനഭിമതരായ മുതിര്‍ന്ന നേതാക്കളെയടക്കം തഴഞ്ഞുവെന്നായിരുന്നു പരാതി. എന്‍.ശിവരാജന്‍, നടേശന്‍, ചെയര്‍പേഴ്‌സന്‍ പ്രമീള ശശിധരന്‍, വൈസ് ചെയര്‍മാന്‍ ഇ. കൃഷ്ണദാസ്, സ്മിതേഷ് എന്നിങ്ങനെ നഗരസഭയിലെ കൃഷ്ണ കുമാര്‍ വിരുദ്ധ പക്ഷത്തെ പ്രമുഖ നേതാക്കളെയെല്ലാം ഇത്തരത്തില്‍ വെട്ടി നിരത്തിയെന്നും ആരോപണമുണ്ട്.
മുതിര്‍ന്ന നേതാവ് എന്‍.ശിവരാജന്‍ ആര്‍.എസ്.എസ് വഴി ആവശ്യപ്പെട്ട പട്ടിക്കര സീറ്റില്‍ ഇ.കൃഷ്ണദാസിനെയും, കോണ്‍ഗ്രസ് ശക്തികേന്ദ്രമായ മറ്റൊരു സീറ്റില്‍ സ്മിതേഷിനെയും മത്സരിപ്പിക്കാന്‍ തീരുമാനമെടുത്തതും ഈ നീക്കത്തിന്റെ ഭാഗമായാണ് വിലയിരുത്തുന്നത്. കൃഷ്ണകുമാര്‍ വിരുദ്ധ ചേരിയില്‍ ഇവര്‍ രണ്ടുപേര്‍ക്കും മാത്രമാണ് ഇത്തവണ സീറ്റ് നല്‍കിയത്. ഇതോടെയാണ് പ്രമീള ശശിധരനടക്കമുള്ളവര്‍ പരസ്യപ്രതിഷേധവുമായി രംഗത്തെത്തുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
