പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഐഎം സ്ഥാനാർത്ഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ, ഡിവൈഎഫ്ഐ നേതാവ് അഡ്വ. സഫ്ദർ ഷെരീഫ് എന്നിവരുടെ പേരുകൾക്ക് മുൻതൂക്കം. ഇന്നത്തെ മണ്ഡലം കമ്മിറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യും. ചർച്ചയ്ക്ക് ശേഷമായിരിക്കും പേരുകൾ സംസ്ഥാന സമിതിയുടെ അംഗീകാരത്തിന് അയക്കുക.
അന്തരിച്ച സിപിഐഎം നേതാവ് ഇമ്പിച്ചി ബാവയുടെ മരുമകളാണ് കെ ബിനുമോൾ. മലമ്പുഴ ഡിവിഷനിൽ നിന്നും ജില്ലാപഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ബിനു മോൾ സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റി അംഗമാണ്. ഡിവൈഎഫ്ഐ നേതാവ് വി വസീഫിന്റെ പേര് മണ്ഡലത്തിൽ ഉയർന്നുകേട്ടെങ്കിലും ജില്ലയിൽ നിന്നുള്ളയാൾ തന്നെ പാർട്ടി സ്ഥാനാർത്ഥിയാകട്ടെ എന്ന നിലയ്ക്കാണ് ചർച്ചകൾ പുരോഗമിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും പാലക്കാട് സിപിഐഎം മൂന്നാം സ്ഥാനത്തേക്ക് പോയിരുന്നു. 2006ൽ കെ കെ ദിവാകരനാണ് മണ്ഡലത്തിൽ അവസാനമായി വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി.